National
ന്യൂഡൽഹി: അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കോൺസലായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ആദ്യമായാണ് സുപ്രീം കോടതിയിൽ കേരളം ഒരു സീനിയർ സ്റ്റാൻഡിംഗ് കോൺസൽ എന്ന പദവിയിൽ നിയമനം നടത്തുന്നത്.
നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺസൽ ആണ് രമേശ് ബാബു. ഇതിനു മുമ്പ് 2001-2006, 2011-2016 എന്നീ കാലയളവുകളിൽ കേരള സർക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കോൺസൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിനുവേണ്ടി കേസുകളിൽ ഹാജരാകാൻ നാല് സ്റ്റാൻഡിംഗ് കോൺസൽമാരെയും നിയമിച്ചു. അഭിഭാഷകരായ അൽജോ കെ. ജോസഫ്, പി.എസ്. സുൽഫിക്കർ അലി, മർസൂഖ് തങ്ങൾ, ജയിംസ് പി. തോമസ് എന്നിവരെയാണ് സ്റ്റാൻഡിംഗ് കോൺസൽമാരായി നിയമിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: കോടതികളെ രാഷ്ട്രീയവേദിയാക്കരുതെന്നും രാഷ്ട്രീയപോരാട്ടങ്ങൾ കോടതിക്കുപുറത്താണ് നടത്തേണ്ടതെന്നും വീണ്ടും ഓർമിപ്പിച്ച് സുപ്രീംകോടതി.
കരൂർ ദുരന്തത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ തമിഴ്നാട്ടിലെ ടിവികെ സർക്കാർ ശ്രമിക്കുന്നുവെന്നും അതു തടയാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിരീക്ഷണം.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികൾക്കെതിരേ പരസ്യപ്രസ്താവനകൾ നടത്തുന്നതിൽനിന്നു ടിവികെ നേതാക്കളെ വിലക്കണമെന്ന ഡിഎംകെയുടെ ആവശ്യം തള്ളിയ കോടതി കേസുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ വിസമ്മതിച്ചു.
എതിരാളികളുടെ പ്രസ്താവനകളെ കോടതിവഴി തടയുന്നതിനുപകരം കൂടുതൽ പ്രസംഗങ്ങൾകൊണ്ട് അതിനെ നേരിടണമെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടിവികെ റാലിക്കിടെയുണ്ടായ കരൂർ ദുരന്തത്തിൽ 41 പേർ മരിക്കുകയും സിബിഐ അന്വേഷണം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയ ആരോപണങ്ങളെച്ചൊല്ലി ഡിഎംകെ കോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം തമിഴ്നാട്ടിലെ കരൂരിൽ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.
ടിവികെ അധികാരത്തിലെത്തിയതോടെ മന്ത്രിമാരുൾപ്പെടെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഡിഎംകെ ഉന്നയിക്കുന്ന ആരോപണം.
പൊതുമരാമത്ത് മന്ത്രി ആദവ് അർജുന അടുത്തിടെ നടത്തിയ പരസ്യപ്രസ്താവനകൾ അന്വേഷണത്തെ ബാധിക്കുമെന്നും ഡിഎംകെ ആരോപിക്കുന്നു. കൂടാതെ ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസധനവും കാരുണ്യ നിയമനങ്ങളും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈമാസം പത്തിന് കരൂർ സന്ദർശിക്കുമെന്ന മാധ്യമറിപ്പോർട്ടുകളും ഹർജിക്കാർ കോടതിയിൽ
Business
ലക്സംബർഗ് സിറ്റി: ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് വിപണിയിൽ മത്സരം ഇല്ലാതാക്കാൻ ശ്രമിച്ചതിന് ഗൂഗിളിന് ചുമത്തിയ കനത്ത പിഴ ശരിവച്ച് യൂറോപ്പിലെ പരമോന്നത കോടതി.
4.1 ബില്യണ്‍ യൂറോ പിഴയൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. എട്ടു വർഷം മുന്‍പ് യൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർ ചുമത്തിയ റിക്കാർഡ് പിഴയ്ക്കെതിരേയുള്ള നിയമപോരാട്ടത്തിനു ശേഷമാണ് കോടതി വിധി.
യൂറോപ്യൻ കമ്മീഷൻ 2018ൽ ആദ്യം 4.34 ബില്യണ്‍ യൂറോയാണ് ഗൂഗിളിന് പിഴ ചുമത്തിയത്. ആൻഡ്രോയിഡ് ഫോണ്‍ നിർമാതാക്കൾ അവരുടെ ഫോണുകളിൽ ഗൂഗിൾ സെർച്ച്, ക്രോം ബ്രൗസർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നും, മറ്റ് എതിരാളികളുടെ ആൻഡ്രോയിഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും വ്യവസ്ഥ ചെയ്യുന്ന കരാറുകളിൽ ഒപ്പുവച്ചതിനാണ് യൂറോപ്യൻ കമ്മീഷൻ ആദ്യം പിഴ ചുമത്തിയത്.
യൂറോപ്യൻ യൂണിയന്റെ പിഴ ശിക്ഷയെ ചോദ്യം ചെയ്തതിനെത്തുടർന്ന് 2022ൽ ഒരു കീഴ്കോടതി ഈ പിഴ തുക 4.1 ബില്യണ്‍ യൂറോയായി കുറച്ചിരുന്നു. ഇതിനെതിരേയാണ് ഗൂഗിൾ ലക്സംബർഗ് ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതിയായ കോർട്ട് ഓഫ് ജസ്റ്റീസ് ഓഫ് ദി യൂറോപ്യൻ യൂണിയനിൽ അപ്പീൽ നല്‍കിയത്. ഈ അപ്പീൽ തള്ളിയ കോടതി യൂറോപ്യൻ യൂണിയന്റെ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. ഗൂഗിളും അതിന്റെ മാതൃകന്പനിയായ ആൽഫബെറ്റും നൽകിയ അപ്പീൽ തള്ളിക്കളയുകയാണെന്ന് കോടതി വ്യക്തമാക്കി.
2018-ലെ തീരുമാനപ്രകാരം തങ്ങൾ കരാറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കി. കഴിഞ്ഞ പതിറ്റാണ്ടുകളിൽ വിവിധ ആന്റി-ട്രസ്റ്റ് നിയമലംഘനങ്ങളുടെ പേരിൽ ഏകദേശം 11 ബില്യണ്‍ യൂറോയോളം പിഴയാണ് ഗൂഗിളിന് യൂറോപ്യൻ യൂണിയനിൽനിന്ന് ലഭിച്ചത്.
National
ന്യൂഡൽഹി: ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
ജോലി ചെയ്യാനും പ്രജനനത്തിനും ശേഷിയില്ലാത്ത പത്ത് വയസിനു മുകളിലുള്ള പശുക്കളെ നിശ്ചിത ഉദ്യോഗസ്ഥരുടെ അനുമതിയോടെ അറക്കാൻ അനുവാദം നൽകുന്ന തമിഴ്നാട് മൃഗസംരക്ഷണ നിയമം 1958ന് വിരുദ്ധമാണ് ഹൈക്കോടതി വിധിയെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
മൃഗങ്ങളെ അറക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്താത്ത കേന്ദ്ര-സംസ്ഥാന നിയമങ്ങൾ മറികടന്ന് ഹൈക്കോടതി നിയമനിർമാണം നടത്തുകയാണു ചെയ്തതെന്നും ഹർജിയിൽ പറയുന്നു. ഗോവധം നിയന്ത്രിക്കുന്ന സംസ്ഥാന സർക്കാരിന്റെ വിവിധ നിയമങ്ങൾ മറികടന്നാണ് ഹൈക്കോടതി ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ബക്രീദ് പ്രമാണിച്ച് പൊതുസ്ഥലങ്ങളിലെ കശാപ്പ് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ജനറൽ സെക്രട്ടറി കെ. സൂര്യപ്രശാന്ത് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ ജി.ആർ. സ്വാമിനാഥൻ, വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാനത്തുടനീളം കന്നുകാലി കശാപ്പിന് പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്.
International
വാഷിംഗ്ടൺ: അമേരിക്കയിൽ ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ട്രംപിന്റെ എക്സിക്യുട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി.
ഒമ്പത് അംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിനാണ് ട്രംപിന്റെ ഉത്തരവ് തള്ളിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. യുഎസിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലികമായി താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചുള്ള ട്രംപിന്റെ ഉത്തരവാണ് കോടതി തള്ളിയത്.
ട്രംപിന്റെ ഉത്തരവ് യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. 1868-ൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച്, അമേരിക്കയിൽ ജനിക്കുന്നതോ സ്വാഭാവിക പൗരത്വം ലഭിച്ചതോ ആയ വ്യക്തികൾ യുഎസ് പൗരന്മാരാണ്. 150 വർഷം പഴക്കമുള്ള ഈ ഭരണഘടനാ തത്വം മാറ്റാൻ ഒൻപതംഗ ബെഞ്ചിലെ ഭൂരിഭാഗം ജഡ്ജിമാരും തയാറായില്ല.
2025 ജനുവരിയിൽ രണ്ടാമത് അധികാരമേറ്റ ട്രംപ് ആദ്യ ദിവസം ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകളിലൊന്നായിരുന്നു ഇത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം വാദിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
NRI
വാഷിംഗ്ടൺ ഡിസി: വിദേശയാത്ര കഴിഞ്ഞ് തിരികെ അമേരിക്കയിലേക്ക് എത്തുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് പുതിയ പ്രതിസന്ധി. ക്രിമിനൽ കുറ്റാരോപണങ്ങളിൽ കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടില്ലെങ്കിൽ പോലും ഇങ്ങനെയുള്ളവർക്ക് സാധാരണ രീതിയിലുള്ള പ്രവേശനം നിഷേധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി ഉത്തരവിട്ടു.
6-3 ഭൂരിപക്ഷത്തിലാണ് കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. 2012-ൽ വ്യാജ ഉത്പന്നങ്ങൾ വിറ്റതിന് അറസ്റ്റിലായ മക് ചോയ് ലൗ എന്ന ചൈനീസ് സ്വദേശിയുടെ കേസിലാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം.
കേസ് നിലനിൽക്കെ ഇയാൾ വിദേശത്തുപോയി തിരിച്ചെത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഈ നടപടിയെ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
ഈ വിധി സർക്കാരിന് ഗ്രീൻ കാർഡ് ഉടമകളുടെ മേൽ അമിത അധികാരം നൽകുമെന്നും ഇമിഗ്രേഷൻ നിയമങ്ങൾ അട്ടിമറിക്കാൻ ഇത് കാരണമാകുമെന്നും വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് കെതാൻജി ബ്രൗൺ ജാക്സൺ മുന്നറിയിപ്പ് നൽകി.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെത്തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്വകാര്യ വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിര്‍ണയ നയം രൂപീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പുതിയ നയപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ തിയറി മാർക്കിന്റെ 40 ശതമാനവും പന്ത്രണ്ടാം ക്ലാസിലെ തിയറി മാർക്കിന്റെ 60 ശതമാനവും അടിസ്ഥാനമാക്കിയായിരിക്കും പ്രൈവറ്റ് വിദ്യാർഥികളുടെ റദ്ദാക്കിയ പരീക്ഷാമാർക്ക് കണക്കാക്കുക. ഈ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് അടുത്ത പൊതുപരീക്ഷ എഴുതാൻ അവസരമുണ്ടാകുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഹർജിക്കാരനായ വിദ്യാർഥിയുടെ ഫലം ഈ രീതിയിൽ കണക്കാക്കി ഇമെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും ഡിജിലോക്കറിൽ ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. യുദ്ധ സാഹചര്യം മുന്‍നിര്‍ത്തി ബഹറിൻ, ഇറാന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകള്‍ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 27ന് സിബിഎസ്ഇ പ്രത്യേക മൂല്യനിര്‍ണയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാതിരുന്നതിനാൽ ഫലപ്രഖ്യാപനം നടന്നില്ല. തുടർന്നാണ് സൗദി അറേബ്യയിലെ അൽ ജുബൈലിൽനിന്നുള്ള പ്രാന്‍സു ജിഗര്‍കുമാര്‍ പട്ടേല്‍ എന്ന വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിദ്യാർഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പ് നേടാനും പുനർമൂല്യ നിർണയം നടത്താനും സുപ്രീംകോടതി അനുമതി നൽകിയില്ല. യഥാർഥ ഹർജിയിൽ അത്തരമൊരു ആവശ്യം പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
National
ന്യൂഡൽഹി: കാൽനടക്കാർക്ക് ഫുട്പാത്തിലൂടെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഭരണഘടനയുടെ വിവിധ വകുപ്പുകൾ പ്രകാരം മൗലികാവകാശമാണെന്നു സുപ്രീംകോടതി.
മോട്ടോർ വാഹനങ്ങളുടെ അവകാശത്തേക്കാൾ മുൻഗണന കാൽനടക്കാരുടെ അവകാശത്തിനാണെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കാൽനട യാത്രക്കാരുടെ റോഡിലെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നിയമനിർമാണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും കോടതി നിരീക്ഷിച്ചു.
ഫുട്പാത്തിലൂടെ നടക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെട്ടാൽ ഉത്തരവാദികളായ തദ്ദേശ സ്ഥാപനങ്ങൾക്കെതിരേ നഷ്ടപരിഹാരത്തിനുള്ള അവകാശം പൗരന്മാർക്കുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം ലഭിക്കുന്ന ക്ലെയിമുകൾക്കു പുറമെയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിലെ മോട്ടോർ വാഹന നിയമം കാൽനടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നും അതിനാൽ പലപ്പോഴും കാൽനടക്കാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കാൽനടക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാനും നിയമലംഘനങ്ങൾക്കെതിരേ വേഗത്തിൽ നിയമനടപടികൾ സ്വീകരിക്കാനും അതു നടപ്പിലാക്കുന്നതിന് ഒരു സ്ഥിരം റെഗുലേറ്ററി ബോഡി രൂപീകരിക്കാൻ ആവശ്യമായ നിയമരൂപരേഖ കേന്ദ്രസർക്കാരിനോടും ലോ കമ്മീഷനോടും കോടതി ആവശ്യപ്പെട്ടു. കൂടാതെ ഈ വിഷയത്തിലെ പുരോഗതി കോടതിയുടെ നിരന്തര നിരീക്ഷണത്തിലായിരിക്കും.
പിതാവിനൊപ്പം സ്കൂളിലേക്ക് പോകുംവഴി ടാങ്കർ ലോറിയിടിച്ച് അഞ്ചുവയസുകാരൻ മരിച്ചതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. കുട്ടിയുടെ കുടുംബത്തിന് ട്രൈബ്യൂണൽ നിശ്ചയിച്ച 4,70,000 രൂപയുടെ നഷ്ടപരിഹാരം സുപ്രീംകോടതി 11,44,628 രൂപയായി ഉയർത്തി.
National
ന്യൂഡൽഹി: സൈബർ തട്ടിപ്പുകാരെ സമൂഹത്തിലെ "പരാദങ്ങൾ’ എന്ന് വിമർശിച്ച സുപ്രീംകോടതി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ഇത്തരം കുറ്റവാളികൾ യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബിഹാർ സ്വദേശിയായ മനോജ് കുമാർ സിംഗ് നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. രാജ്യവ്യാപകമായി ശൃംഖലയുള്ള ഇക്കൂട്ടർ സമൂഹത്തിനു ഭീഷണിയാണെന്നും ഇവർ ജയിലിൽ കഴിയുന്നതാണ് സമൂഹത്തിന് നല്ലതെന്നും കോടതി നിരീക്ഷിച്ചു. എങ്കിലും ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാൻ ബെഞ്ച് അനുമതി നൽകി.
ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾക്കെതിരേ കടുത്ത നിലപാടാണ് സുപ്രീംകോടതിക്കുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരേ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, തട്ടിപ്പുകളെക്കുറിച്ച് രാജ്യവ്യാപകമായി സിബിഐ അന്വേഷണം നടക്കുകയാണ്. സംസ്ഥാന സർക്കാരുകൾ സിബിഐയ്ക്ക് സഹായം നൽകാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
National
ന്യൂഡൽഹി: ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ പുനരധിവാസകേന്ദ്രങ്ങളിൽ നിരീക്ഷണവും മേൽനോട്ടവും ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതികരണം തേടി. ഭിന്നശേഷി കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രങ്ങൾ, ചൈൽഡ് ഡെവലപ്മെന്റ് സെന്ററുകൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച പൊതുതാത്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ഭിന്നശേഷി അവകാശ നിയമം, മാനസികാരോഗ്യ സംരക്ഷണ നിയമം തുടങ്ങിയ നിയമങ്ങളിലെ സുരക്ഷാവ്യവസ്ഥകൾ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്നും പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ് മൂലം കുട്ടികൾക്ക് ആവശ്യമായ തെറാപ്പികൾ നിഷേധിക്കപ്പെടുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ അവസ്ഥകൾ പൂർണമായി ഭേദമാക്കാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി മാതാപിതാക്കളിൽനിന്ന് വൻ തുക ഈടാക്കുന്നതായും കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും മാതാപിതാക്കളുടെ അനുമതിയില്ലാതെ ദുരുപയോഗം ചെയ്തതായും ഹർജിയിൽ ആരോപണമുണ്ട്.
National
ന്യൂഡൽഹി: അതിദാരിദ്ര്യത്തിൽ കഴിയുന്ന വയോധികയ്ക്കും കാഴ്ചപരിമിതിയുള്ള മകനും ജീവിതനിലവാരം ഉയർത്താനും സാമൂഹികസുരക്ഷ ഉറപ്പാക്കാനും ഇടപെട്ട് സുപ്രീംകോടതി.
ഒഡീഷ സ്വദേശികളായ കുടുംബത്തിന്റെ നിസഹായാവസ്ഥ മാധ്യമ റിപ്പോർട്ടിലൂടെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
സർക്കാരിൽനിന്നു ലഭിക്കുന്ന പെൻഷനും റേഷനും ഉപയോഗിച്ചാണ് വയോധികയായ രാധിക ഭൂവേയും ജന്മനാ കാഴ്ചയില്ലാത്ത മകൻ ജപ ഭൂവേയും ജീവിക്കുന്നത്. എന്നാൽ കുടുംബത്തിനു ലഭിക്കുന്ന ആനുകൂല്യം അന്തസുള്ള ജീവിതം നയിക്കാൻ തികയുന്നുണ്ടായിരുന്നില്ല. പൊളിഞ്ഞുവീഴാറായ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി അമ്മയ്ക്കും മകനും നിലവിൽ ലഭിക്കുന്ന സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും ഒഡീഷ സംസ്ഥാന നിയമസേവന അഥോറിറ്റി മെംബർ സെക്രട്ടറിയോട് കുടുംബത്തെ നേരിട്ടു സന്ദർശിച്ച് അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു.
ഏതെങ്കിലും ഭവനപദ്ധതി പ്രകാരം ഇവർക്കു പുതിയ വീട് നൽകാൻ സാധിക്കുമോയെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കണം.
കൂടാതെ, കാഴ്ചപരിമിതിയുള്ള മകനെ പാരാലീഗൽ വോളന്റിയറായി നിയമിക്കാനും മറ്റ് ഭിന്നശേഷിക്കാർക്കു നിയമപരമായ അവകാശങ്ങൾ മനസിലാക്കിക്കൊടുക്കാൻ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്താനും കോടതി നിർദേശിച്ചു.
ഈ സേവനങ്ങൾക്ക് ഓണറേറിയമായി കുറവില്ലാത്ത സംഖ്യ നൽകാനും കോടതി ഉത്തരവിട്ടു. ജീവിതത്തിന് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് വിഷയം പരിഗണിക്കവെ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലീഗൽ സർവീസ് അഥോറിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം വിഷയം വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
National
ന്യൂഡൽഹി: വിവരാവകാശ പ്രവർത്തനം (ആർടിഐ) ഇപ്പോൾ പുതിയൊരു ബിസിനസായി മാറിയിരിക്കുന്നുവെന്ന് വാക്കാൽ അഭിപ്രായം പ്രകടിപ്പിച്ച് സുപ്രീംകോടതി.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കൃത്യനിർവഹണത്തിന് തടസം നിന്നുവെന്നാരോപിച്ചു വിവരാവകാശ പ്രവർത്തകനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ അഭിപ്രായപ്രകടനം.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് വിവരാവകാശ പ്രവർത്തകനായ രാകേഷ് കുമാർ ബെൽ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചു നടത്തുന്ന റോഡ് നിർമാണം തടയാൻ വിവരാവകാശ പ്രവർത്തകന് ആരാണ് അധികാരം നൽകിയതെന്ന് ജസ്റ്റീസുമാരായ സന്ദീപ് മേത്ത, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
National
ന്യൂഡൽഹി: മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പുഹർജി നൽകാനുള്ള അവകാശം നിലനിർത്തി റിട്ട് ഹർജി തള്ളുകയായിരുന്നു. സുപ്രീംകോടതി നടപടിയോടെ തെരഞ്ഞെടുപ്പുഹർജിയുമായി മീനാക്ഷി നടരാജന് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാം. എന്നാൽ വിഷയത്തിൽ തീർപ്പുണ്ടാകാൻ കാലതാമസമെടുത്തേക്കും.
പത്രിക തള്ളിയത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെങ്കിൽ കോടതിക്ക് ഇടപെടാമെന്ന ഹർജിക്കാരിയുടെ വാദം ഭരണഘടനയുടെ 329(ബി) അനുച്ഛേദമനുസരിച്ച് നിലനിൽക്കില്ലെന്ന് ഇന്നലത്തെ വാദത്തിനിടയിൽ ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്കു കടന്ന് യാതൊരു നിരീക്ഷണവും നടത്തുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
നാമനിർദേശം തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ഏകപക്ഷീയവും തീർത്തും നിയമവിരുദ്ധവുമാണെന്ന് മീനാക്ഷി നടരാജനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ വാദിച്ചു. ഈ സാഹചര്യത്തിൽ കോടതി ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇതിനുമുന്‍പ് ഇത്തരം സാഹചര്യത്തിൽ കോടതി ഇടപെടൽ നടത്തിയ ഏതെങ്കിലും കേസുണ്ടോയെന്ന് നാമനിർദേശം നിരസിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പുഹർജി മാത്രമേ നിലനിൽക്കൂവെന്ന ചട്ടം ഓർമിപ്പിച്ചുകൊണ്ട് കോടതി ചോദിച്ചു.
തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാമനിർദേശ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്തു വ്യാഴാഴ്ചയാണ് മീനാക്ഷി നടരാജൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച സുപ്രീംകോടതി വിഷയം വെള്ളിയാഴ്ച പരിഗണിക്കാമെന്നു വ്യക്തമാക്കുകയായിരുന്നു.
മധ്യപ്രദേശിൽ ബിജെപിക്ക് രണ്ടു സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ മൂന്നാമത് നിർത്തിയ സ്ഥാനാർഥിയെ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുകയാണുണ്ടായത്.
National
ന്യൂഡൽഹി: റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന വീട്ടമ്മമാരുടെ ഗാർഹിക പരിചരണത്തിന് പ്രതിമാസം കുറഞ്ഞത് 30,000 രൂപ കണക്കാക്കി ഇൻഷ്വറൻസ് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഓരോ മൂന്നു വർഷം കൂടുന്പോഴും ഈ തുകയിൽ പത്തു ശതമാനം വർധന വരുത്തണം. വീട്ടമ്മമാരുടെ സേവനത്തെ രാഷ്ട്രനിർമാണത്തിന് തുല്യമായി കണക്കാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ജോലിയില്ലാത്ത വീട്ടമ്മമാർ റോഡപകടത്തിൽ മരിച്ചാൽ അവരുടെ കുടുംബത്തിൽ നഷ്ടപരിഹാരമായി കുറഞ്ഞ തുകയായിരുന്നു ഇൻഷ്വറൻസ് കന്പനികളിൽനിന്നു ലഭിച്ചിരുന്നത്. കുടുംബത്തിലെ ആശ്രിതർ എന്നു കണക്കാക്കിയായിരുന്നു ഇത്തരമൊരു രീതി.
എന്നാൽ ഗാർഹിക ജോലി ചെയ്യുന്ന സ്ത്രീകൾ കുടുംബത്തിന് ആശ്രിതരാണെന്ന തെറ്റായ ധാരണ മാറണമെന്നും കുടുംബത്തിന്റെ സുഗമമായ നടത്തിപ്പിന് അവരുടെ അധ്വാനം അനിവാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വീട്ടമ്മമാരുടെ അദൃശ്യമായ അധ്വാനം രാജ്യത്തിന്റെ ജിഡിപിയിൽ കാര്യമായ സംഭാവന ചെയ്യുന്നുണ്ടെന്നും എന്നാൽ അതു സാന്പത്തികമായി ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2001ൽ ഹരിയാനയിൽ നടന്ന ഒരു റോഡപകടത്തിൽ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരം വർധിപ്പിച്ചു നൽകിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇനിമുതൽ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലുകൾ നഷ്ടപരിഹാരം കണക്കാക്കുന്പോൾ ‘ഗാർഹിക പരിചരണത്തിനുള്ള നഷ്ടം’ എന്ന പ്രത്യേക ഇനത്തിൽ പ്രതിമാസം 30,000 രൂപ വീതം ചേർക്കണം. വീട്ടമ്മമാർക്ക് വരുമാനമില്ലാത്ത സാഹചര്യത്തിലാണ് ഈ തുക ‘സ്റ്റാൻഡ്ഇൻ’ വരുമാനമായി കണക്കാക്കുക.
അതേസമയം, വീട്ടമ്മമാർ ജോലിക്കു പോകുന്നവരാണെങ്കിൽ അവരുടെ യഥാർഥ വരുമാനത്തിന് പുറമെ ഈ തുകകൂടി ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെത്തുടർന്ന് പരീക്ഷകൾ മുടങ്ങിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പ്രൈവറ്റ് വിദ്യാർഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിർണയ നയം രൂപവത്കരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം സ്കൂൾ റിക്കാര്‍ഡിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കാത്തതിനെത്തുടർന്ന് പ്രവാസിവിദ്യാർഥി സമർപ്പിച്ച ഹർജിയിലാണു കേന്ദ്രസർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.
സമാന അവസ്ഥയുള്ള വിദ്യാർഥികൾക്കായി ചില നയങ്ങൾ രൂപവത്കരിക്കാൻ സർക്കാർ ആലോചിക്കുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതോടെ ഹർജി 22ന് പരിഗണിക്കാൻ മാറ്റി.
യുദ്ധസാഹചര്യം മുൻനിർത്തി ബഹറിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു. തുടർന്ന് റെഗുലർ വിദ്യാർഥികൾക്കായി മാർച്ച് 27ന് സിബിഎസ്ഇ പ്രത്യേക മൂല്യനിർണയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രൈവറ്റ് വിദ്യാർഥികളുടെ കാര്യത്തിൽ വ്യക്തമായ മാനദണ്ഡങ്ങൾ ഇല്ലാതിരുന്നത് ഫലപ്രഖ്യാപനം വൈകുന്നതിനു കാരണമായി.
ഇതോടെയാണു വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞതവണ വാദം കേട്ട കോടതി അർധരാത്രി വരെ ഇരുന്നിട്ടാണെങ്കിലും പരിഹാരം കണ്ടെത്താൻ ബോർഡിനോട് പറഞ്ഞിരുന്നു.
അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിന്റെ വെരിഫിക്കേഷനും പുനർമൂല്യനിർണയത്തിനുമുള്ള പോർട്ടൽ തുറന്നുനൽകുന്നതിനുള്ള സമയപരിധി നീട്ടി നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
സമയപരിധി നീട്ടിനൽകുന്നത് ഫലപ്രഖ്യാപനം വൈകാൻ കാരണമാകുമെന്നും വ്യക്തിപരമായി പരാതിയുള്ള വിദ്യാർഥികൾക്ക് നേരിട്ടു കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസുമാരായ നീന ബൻസാൽ കൃഷ്ണ, മധു ജെയിൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിദ്യാർഥിസംഘടനയായ എൻഎസ്യുഐ സമർപ്പിച്ച ഹർജിയിലാണു നടപടി.
National
ന്യൂഡൽഹി: കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രമേ കുട്ടികളെ മനഃശാസ്ത്രപരമായ വിലയിരുത്തലിനു വിധേയമാക്കാവൂ എന്ന് സുപ്രീംകോടതി.
കസ്റ്റഡി തർക്കത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയെ മനഃശാസ്ത്ര വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാൻ ഉത്തരവിട്ട ബോംബെ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഭേദഗതി ചെയ്തുകൊണ്ടാണ് ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ.
മക്കളുടെ കസ്റ്റഡിക്കുവേണ്ടി മാതാപിതാക്കൾ നിയമപോരാട്ടം നടത്തുന്പോൾ കുടുംബ കോടതികൾ അനുവർത്തിക്കേണ്ട മാർഗനിർദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു.
കുട്ടിയെ മനഃശാസ്ത്രപരമായി വിലയിരുത്തേണ്ടത് അനിവാര്യമാണെങ്കിൽ നിലവിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുമായി ആലോചിച്ചശേഷം ഒരു സ്വതന്ത്ര ചൈൽഡ് സൈക്കോളജിസ്റ്റ് മാത്രമേ അത് ചെയ്യാവൂ.
കുട്ടിയുടെ മാനസികാവസ്ഥയെ ബാധിക്കാത്ത രീതിയിൽ വളരെ കുറഞ്ഞ സന്പർക്കം മാത്രമേ ഇതിനായി പാടുള്ളൂവെന്നും കോടതി പറഞ്ഞു. കുട്ടികൾ വളരുന്നതിനനുസരിച്ച് കുടുംബ കോടതികൾ കൃത്യമായ ഇടവേളകളിൽ പുനഃപരിശോധന നടത്തണം.
മാതാപിതാക്കളിൽ ഒരാളോട് കുട്ടിക്കുള്ള അകൽച്ച, തെറ്റായ ഓർമകൾ സൃഷ്ടിക്കപ്പെടൽ എന്നിവയെക്കുറിച്ച് കോടതികൾ ജാഗ്രത പുലർത്തണമെന്നും ഇത്തരം സ്വാധീനങ്ങളിൽനിന്ന് കുട്ടിക്ക് സംരക്ഷണം നൽകണമെന്നും ബെഞ്ച് നിർദേശിച്ചു.
കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നതിനാൽ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ മാതാപിതാക്കൾക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കുട്ടിയുടെ മാതാപിതാക്കൾക്കെതിരേ പോക്സോ നിയമപ്രകാരമുള്ള കേസുകൾ നിലവിലുണ്ടെങ്കിൽ ആ വിവരം കുടുംബ കോടതിയെ കൃത്യമായി അറിയിക്കണമെന്നും മാർഗനിർദേശത്തിൽ പറഞ്ഞു.
കൂടാതെ കുട്ടികളുടെ മനോനില വിശകലനം ചെയ്യാൻ ആലോചിക്കുന്നതിനുമുന്പ് മാതാപിതാക്കളുടെ മനോനില വിശകലനം ചെയ്യുന്നതിന് കുടുംബ കോടതികൾ മനഃശാസ്ത്രഞ്ജനെ നിയോഗിക്കണം. കുഞ്ഞ് ആരുടെയൊപ്പം കഴിയുന്നുവോ ആ വ്യക്തിയുടെ മനോനില നിർബന്ധമായും പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
National
ന്യൂഡൽഹി ∙ പെൺമക്കൾ വിവാഹിതരായെന്ന കാരണത്താൽ ആശ്രിതനിയമനത്തിനു പരിഗണിക്കാതിരിക്കാൻ കഴിയില്ലെന്ന നിർണായകവിധിയുമായി സുപ്രീംകോടതി. ജഡ്ജിമാരായ പി.എസ്.നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
റേഷൻ കടയുടമയുടെ മകൾ നൽകിയ ഹർജിയിലാണു സുപ്രീം കോടതിയുടെ ഇടപെടൽ. പിതാവിന്റെ മരണത്തിന് പിന്നാലെ, റേഷൻ കട തനിക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് മകൾ കോടതിയെ സമീപിച്ചത്.
വിവാഹിതരായ സ്ത്രീകൾ കുടുംബം എന്ന നിർവചനത്തിന്റെ പരിധിയിൽ വരില്ലെന്നും ആശ്രിതനിയമനത്തിനു പരിഗണിക്കാൻ കഴിയില്ലെന്നുമുള്ള അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കുടുംബം എന്നതിന്റെ നിർവചനത്തിൽനിന്ന് ഇവരെ ഒഴിവാക്കുന്നത് അന്യായവും ഭരണഘടനാവിരുദ്ധവുമാണെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: സർക്കാർ വകുപ്പുകളിൽ ദീർഘകാലമായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർക്ക് അവരുടെ ജോലി ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽപ്പോലും വിരമിക്കുന്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി.
തൊഴിലുടമ നൽകുന്ന ഔദാര്യമല്ല പെൻഷനെന്നും മറിച്ച് ദീർഘകാലത്തെ സേവനത്തിലൂടെ ജീവനക്കാരൻ നേടിയെടുക്കുന്ന ഭരണഘടനാപരമായ അവകാശമാണതെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. താത്കാലിക ജീവനക്കാർക്കു പെൻഷൻ നൽകുന്നത് വലിയ സാന്പത്തികബാധ്യത വരുത്തുമെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
ഒരു സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനായി ദീർഘകാലം സേവനം നൽകിയ ജീവനക്കാർക്കു കേവലം തസ്തികയുടെ അടിസ്ഥാനത്തിൽ സ്ഥിരം ജീവനക്കാർക്കു നൽകുന്ന ആനുകൂല്യങ്ങൾ നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരേതരത്തിലുള്ള ചുമതലകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്ന ഒരുകൂട്ടം ജീവനക്കാർക്കു മാത്രം ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് തരംതിരിവുകൾക്ക് കാരണമാകുമെന്നും ഭരണഘടനാധാർമികതയ്ക്കു നിരക്കാത്തതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
തപാൽ വകുപ്പിൽ മൂന്നു പതിറ്റാണ്ടായി താത്കാലിക ജീവനക്കാരനായിരുന്ന, അന്തരിച്ച സൂരജ് സാഹി എന്ന ജീവനക്കാരന്റെ ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
National
ന്യൂഡൽഹി: കേരളത്തിലെയും തമിഴ്നാട്ടിലെയും അതിർത്തി പങ്കിടുന്ന അഗസ്ത്യമല പാരിസ്ഥിതിക മേഖലയിലെ സംരക്ഷിതവനങ്ങളിലുള്ള കൈയേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്.
വനം കൈയേറിയതായി കണ്ടെത്തിയ സർവീസിലുള്ളവരും വിരമിച്ചവരുമായ 118 സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ കർശനമായ അച്ചടക്ക-നിയമനടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു.
മദ്രാസ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുൻ ഉത്തരവുകൾ നിലനിൽക്കെതന്നെ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതം, ശ്രീവില്ലിപുത്തൂർമേഘമലൈ കടുവ സങ്കേതം, കന്യാകുമാരി വന്യജീവി സങ്കേതം എന്നിവയുൾപ്പെടെയുള്ള അഗസ്ത്യമല മേഖലയിലെ കൈയേറ്റങ്ങൾ പതിറ്റാണ്ടുകളായി തുടരുന്നതായും വർധിച്ചുവരുന്നതായും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേവലം ഭരണപരമായ ഉത്തരവാദിത്വത്തിന്റെ പ്രശ്നം മാത്രമല്ലിതെന്നും മറിച്ച് പരിസ്ഥിതിപ്രാധാന്യമുള്ള മേഖലകളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ ഭരണഘടനാപരമായ ചുമതലയെയും ബാധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ റിസർവ് വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പ്രശ്നങ്ങൾ ഉന്നയിച്ചുള്ള ഹർജിയിലാണു നടപടി.
കേന്ദ്ര ഉന്നതാധികാര സമിതി കഴിഞ്ഞ വർഷം ജൂലൈയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിലെയും കേരളത്തിലെയും നിരവധി ജില്ലകളിലായി 3,500.36 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് അഗസ്ത്യമല പാരിസ്ഥിതികമേഖല വ്യാപിച്ചുകിടക്കുന്നത്.
തമിഴ്നാട്ടിലെ തേനി ജില്ലാ മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ജില്ലയിലെ റിസർവ് വനങ്ങളിൽ മാത്രം 5,072.653 ഹെക്ടർ ഭൂമി കൈയേറിയിട്ടുണ്ട്. എന്നാൽ അതിൽ 1.8 ശതമാനം വനഭൂമി മാത്രമാണു തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുള്ളത്. മുൻകൂർ അനുമതിയില്ലാതെ വനഭൂമിക്കുള്ളിൽ 116 കെട്ടിടങ്ങൾ നിർമിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
National
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ജൂൺ 21-ലേക്ക് മാറ്റിവെച്ച പുനഃപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സുപ്രധാന ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ മുൻ നിശ്ചയിച്ച പ്രകാരം പരമ്പരാഗതമായ 'പെൻ ആൻഡ് പേപ്പർ' (ഓഫ്ലൈൻ) രീതിയിൽ തന്നെയാകും പരീക്ഷ നടക്കുകയെന്ന് വ്യക്തമായി.
ആർജെഡി എം.പി സുധാകർ സിംഗ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. നിലവിൽ ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വലിയ സമ്മർദത്തിലാണെന്നും, അവസാന നിമിഷം പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം ഹർജികൾ മുൻപും തള്ളിയിട്ടുള്ളതാണെന്ന് വ്യക്തമാക്കിയ കോടതി, വിഷയം വേനലവധിക്ക് ശേഷം ജൂലൈയിൽ വിശദമായി പരിഗണിക്കാനായി മാറ്റിവെച്ചു. മേയ് മൂന്നിന് നടന്ന ആദ്യ പരീക്ഷ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയിരുന്നു.
National
ന്യൂഡൽഹി: ജൂണ്‍ 21 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഉന്നയിക്കുന്ന ആവശ്യം നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നും സമാന ഹർജികൾ ഇതിനോടകം തള്ളിക്കളഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) വലിയ പ്രതിസന്ധികളിലൂടെയും സമ്മർദത്തിലൂടെയുമാണ് കടന്നുപോകുന്നതെന്നും, പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുന്നതിന്റെ വലിയ ഉത്തരവാദിത്വം ഇപ്പോൾ തന്നെയുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എന്നിരുന്നാലും അവധിക്കുശേഷം കോടതി വീണ്ടും ചേരുന്ന ജൂലൈയിൽ കേസ് വീണ്ടും കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികൾക്കൊപ്പമായിരിക്കും കേസ് പരിഗണിക്കുക.
അതേസമയം, കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ച് നീറ്റ് പരീക്ഷ പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനുള്ള നടപടി എൻടിഎ ആലോചിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വീഴ്ചകൾ പരിഹരിക്കുന്നതിനാണ് ഇത്തരമൊരു നീക്കം. മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെയാണ് പരീക്ഷാഫലം റദ്ദാക്കി ജൂണ്‍ 21ന് പുനഃപരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചത്.
National
ന്യൂഡൽഹി: സുപ്രീംകോടതിയിലേക്ക് കൊളീജിയം ശിപാർശ ചെയ്ത അഞ്ച് ജഡ്ജിമാരുടെ നിയമനം കേന്ദ്രസർക്കാർ അംഗീകരിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വി. മോഹന ഉൾപ്പെടെയുള്ളവരുടെ നിയമനത്തിനാണ് അംഗീകാരം.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഷീൽ നാഗു, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് സച്ദേവ, ജമ്മുകാഷ്മീർ- ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരുണ്‍ പല്ലി, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ശ്രീചന്ദ്രശേഖർ എന്നിവരാണ് മറ്റുള്ളവർ.
കഴിഞ്ഞ 27നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള കൊളീജിയം ജഡ്ജിമാരുടെ നിയമനത്തിനുള്ള ശിപാർശ കേന്ദ്രസർക്കാരിനു കൈമാറിയത്. ശിപാർശ സർക്കാർ അംഗീകരിച്ചതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ അംഗബലം 37 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ ആകെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34ൽനിന്ന് 38 ആയി ഉയർത്തിക്കൊണ്ടുള്ള ഓർഡിനൻസ് ഏപ്രിലിലാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്.
സുപ്രീംകോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്രയ്ക്കുശേഷം അഭിഭാഷക പദവിയിൽനിന്നു നേരിട്ട് ജഡ്ജിയാകുന്ന രണ്ടാമത്തെ വനിതയാണു വി.മോഹന. ജസ്റ്റീസ് ബി.വി. നാഗരത്നയാണ് സുപ്രീംകോടതിയിൽ ഇപ്പോഴുള്ള ഏക വനിതാ ജഡ്ജി.
മോഹനയുടെ നിയമനത്തോടെ വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടാകും. തമിഴ്നാട് സ്വദേശിയായ മോഹന ഏറെനാളായി സുപ്രീംകോടതി അഭിഭാഷകയായി സേവനമനുഷ്ഠിക്കുകയായിരുന്നു. പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്നു നടക്കും.
National
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളെ വാണിജ്യാടിസ്ഥാനത്തിൽ ലൈംഗിക ചൂഷണങ്ങൾക്കായി കടത്തിക്കൊണ്ടു പോകുന്നവർക്കെതിരേ വിവിധ വകുപ്പുകൾക്കൊപ്പം പോക്സോ നിയമപ്രകാരവും കേസെടുക്കാമെന്ന് സുപ്രീംകോടതി.
മനുഷ്യക്കടത്ത് കേസുകളിൽ കുറ്റവാളികൾക്കെതിരേ ചുമത്തേണ്ട വകുപ്പുകൾ ഇരയുടെ പ്രായം, കുറ്റവാളികൾ ഉപയോഗിച്ച രീതികൾ, ചൂഷണത്തിന്റെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മനുഷ്യക്കടത്ത് തടയുന്നതിനും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരെ സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യപ്പെട്ട് ‘പ്രജ്വല’ എന്ന സന്നദ്ധ സംഘടന നൽകിയ ഹർജി പരിഗണിക്കവേയാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കുട്ടികൾ ഉൾപ്പെടുന്ന എല്ലാ ലൈംഗിക ചൂഷണങ്ങളെയും സമ്മതമില്ലാതെ നടക്കുന്ന കുറ്റകൃത്യമായിട്ടാണു കണക്കാക്കുന്നത്. അതിനാൽ ഇത്തരം കേസുകളിൽ പോക്സോ നിയമത്തിലെ വകുപ്പുകളും ബാധകമാകും. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല ദൃശ്യങ്ങൾ എന്നിവയെല്ലാം പോക്സോ നിയമത്തിന്റെ പരിധിയിൽ വരും.
കുട്ടികൾക്കെതിരേയുള്ള ലൈംഗിക ചൂഷണം പോക്സോ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നിരിക്കേ പ്രതികൾക്കെതിരേ ആ നിയമപ്രകാരംതന്നെ കേസെടുത്ത് വിചാരണ നടത്തണം. പോക്സോ നിയമം ചുമത്തുന്നതോടെ കേസിന്റെ വിചാരണനടപടികളിൽ വലിയ മാറ്റങ്ങൾ വരും.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ ദേശീയ പരീക്ഷ ഏജൻസിയുടെ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി എൻടിഎ) നടപടിയിൽ എൻടിഎയ്ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
പേപ്പർ ചോർച്ചയില്ലാതെ വലിയതോതിലുള്ള മത്സര പരീക്ഷകൾ നടത്തുന്ന യുപിഎസ്സി പോലുള്ള മറ്റ് സ്ഥാപനങ്ങളിൽനിന്ന് എൻടിഎ പാഠം ഉൾക്കൊള്ളേണ്ടതുണ്ടെന്ന് വാദത്തിനിടയിൽ സുപ്രീംകോടതി നിരീക്ഷിച്ചു.
ചോദ്യപേപ്പർ ചോർച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചു. വർഷങ്ങളായുള്ള വിദ്യാർഥികളുടെ കഠിനാധ്വാനത്തെയാണ് ഇത്തരം ചോർച്ചകൾ ഇല്ലാതാക്കുന്നതെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ഭാവിയിലെ പരീക്ഷ നടത്തിപ്പിൽ വീഴ്ചകൾ തടയാനും എൻടിഎയുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്ന നടപടികൾ വിശദീകരിച്ച് ആറാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.
കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കാതെ ഇത്തരം പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും ഏത് ഉദ്യോഗസ്ഥനാണ് ഉത്തരവാദിത്വമെന്ന് വ്യക്തമായി അറിയുന്പോൾ മാത്രമേ നിയന്ത്രണങ്ങൾ ഫലപ്രദമാകുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ ഭൂരിഭാഗം സ്ഥാപനങ്ങളും താത്കാലിക സംവിധാനങ്ങളായി മാറുന്നതാണ് പ്രശ്നം. വ്യക്തികളുടെ കഴിവിനേക്കാൾ സ്ഥാപനത്തിന്റെ കരുത്താണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരത്തെ വാദം കേട്ടപ്പോഴും എൻടിഎയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയിരുന്നു.
ഒരു കൂട്ടം വിദ്യാർഥികളും ഡോക്ടർമാരുടെ സംഘടനയും സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച വിഷയത്തിൽ വാദം കേൾക്കവേ 2024ൽ സംഭവിച്ച ക്രമക്കേടിനെ തുടർന്ന് രൂപീകരിച്ച ഉന്നതാധികാര സമിതി സ്വീകരിച്ച നടപടികൾ വിശദമാക്കാൻ എൻടിഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മേൽനോട്ട സമിതി ചെയർമാൻ ഡോ. കെ.രാധാകൃഷ്ണൻ ഇന്നലെ കോടതിയിൽ ഹാജരായി.
പരീക്ഷകൾ സുഗമമായി നടപ്പാക്കുന്നതിന് ദീർഘകാലത്തേക്ക് നടപ്പാക്കേണ്ട 35 ശിപാർശകളും ഹ്രസ്വകാല നടപടികൾക്കായി അറുപതോളം ശിപാർശകളും സമർപ്പിച്ചതായി ഉന്നതാധികാര സമിതി കോടതിയെ അറിയിച്ചു.
സമിതി നിർദേശത്തെ അനുസരിച്ച് നടപ്പാക്കിയ പരിഷ്കാരങ്ങളെ തുടർന്ന് 2025ൽ നടത്തിയ നീറ്റ് പരീക്ഷ സുഗമമായി നടപ്പാക്കാൻ സാധിച്ചുവെന്നും സമിതി കോടതിയെ അറിയിച്ചു.
Kerala
ന്യൂഡല്‍ഹി: വിധി പറയുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഹൈക്കോടതികള്‍ക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. വിധി പറയുന്നതിനായി മാറ്റിവച്ച കേസുകളില്‍ മൂന്ന് മാസത്തിനകം വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.
ജാമ്യാപേക്ഷകളിലെ ഉത്തരവുകള്‍ വാദം കേള്‍ക്കുന്ന അതേ ദിവസം തന്നെയോ, അല്ലെങ്കില്‍ പരമാവധി അടുത്ത ദിവസമോ പ്രസ്താവിക്കണം. തടവുകാരന്റെ മോചനം സംബന്ധിച്ച് ജാമ്യം അനുവദിച്ചതിന്റെയും ശിക്ഷ മരവിപ്പിച്ചതിന്റെയും ഉത്തരവുകള്‍ ജയില്‍ അധികൃതരെ ഉടന്‍ തന്നെ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വിധിയുടെ പ്രധാന ഭാഗം മാത്രമാണ് പ്രസ്താവിക്കുന്നതെങ്കില്‍ കാരണങ്ങള്‍ സഹിതമുള്ള വിശദമായ വിധിന്യായം 15 ദിവസത്തിനകം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. കേസ് വിധി പറയാന്‍ മാറ്റിവച്ച് നാല് മാസമായിട്ടും വിധി പ്രസ്താവിച്ചില്ലെങ്കില്‍, കേസ് മറ്റൊരു ബെഞ്ചിന് വിട്ടുനല്‍കാന്‍ കക്ഷികള്‍ക്ക് ചീഫ് ജസ്റ്റീസിനോട് അപേക്ഷിക്കാമെന്നും സുപ്രീംകോടതി നിർദേശത്തിൽ പറയുന്നു.
National
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ - എസ്ഐആർ) നിയമസാധുത ശരിവച്ചു സുപ്രീംകോടതി.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ എന്ന ഭരണഘടനാ ലക്ഷ്യമാണ് എസ്ഐആർ മുന്നോട്ടുവയ്ക്കുന്നതെന്നും ആ പ്രക്രിയ നടത്തുന്നതിനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നാല് പതിറ്റാണ്ടിലേറെയായി എസ്ഐആർ നടക്കാതിരുന്നതിനാൽ കുടിയേറ്റവും നഗരവത്കരണവും മൂലം വോട്ടർപട്ടികയിൽ ഉണ്ടായ ഇരട്ടിപ്പുകൾ തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എസ്ഐആർ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജഞാപനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ബിഹാറിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും എസ്ഐആർ നടത്താനുള്ള കമ്മീഷന്റെ തീരുമാനത്തിന് അനുകൂലമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ബിഹാറിലെ എസ്ഐആർ നടപടിക്ക് നിയമപരവും ഭരണഘടനാപരവുമായ ഉദ്ദേശ്യമുണ്ടായിരുന്നുവെന്നും ഭരണപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. മുൻ വോട്ടർപട്ടികയിൽ പേരുണ്ട് എന്ന കാരണം എസ്ഐആർ നടപടിക്ക് തടസമാകില്ല.
വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയും ചെയ്യുക എന്ന പരിമിത ഉദ്ദേശ്യത്തിനായി മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം പരിശോധിക്കാൻ സാധിക്കും. പൗരത്വ പദവി പ്രഖ്യാപിക്കുക എന്നതല്ല ഇതിന്റെ ഉദ്ദേശ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എസ്ഐആറിനെ തുടർന്ന് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്താൽ ആ വ്യക്തി ഇന്ത്യൻ പൗരൻ അല്ലെന്ന് പ്രഖ്യാപിക്കുന്നില്ല. അക്കാര്യത്തിൽ അന്തിമതീരുമാനം പൗരത്വ നിയമപ്രകാരമുള്ള അധികാരികൾക്കാണെന്നും ബെഞ്ച് വ്യക്തമാക്കി.
പൗരത്വത്തിന്റെ പേരിൽ ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്ത വ്യക്തികളുടെ വിവരം നാല് ആഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
വരാനിരിക്കുന്ന നിയമസഭാ അല്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾക്കു മുന്‍പായി ഇവർക്ക് പറയാനുള്ളത് കേട്ട ശേഷം അധികാരികൾ അന്തിമ തീരുമാനമെടുക്കണമെന്നും, ഇവർ പൗരന്മാരാണെന്ന് കണ്ടെത്തിയാൽ വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ബിഹാറിലെ എസ്ഐആർ നടപടിയെ തുടർന്ന് കരട് വോട്ടർപട്ടികയിൽനിന്ന് 65 ലക്ഷത്തോളം പേരുകൾ ഒഴിവാക്കപ്പെട്ടത് വലിയ ആശങ്കകൾക്ക് കാരണമായിരുന്നു.
National
ന്യൂഡൽഹി: എസ്ഐആറിലെ സുപ്രീംകോടതി വിധി ഉത്തരം നൽകിയതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്.
പൗരത്വത്തെക്കുറിച്ചുള്ള അന്തിമമായ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ പൗരത്വവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ വോട്ടർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഈ വൈരുദ്ധ്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടേണ്ടതായിരുന്നില്ലേ എന്നു മുതിർന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി ചോദിച്ചു.
ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടിക്രമം നാലോ അഞ്ചോ മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയെന്നും എന്നാൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മുന്‍പ് എന്തുകൊണ്ട് എസ്ഐആർ നടത്തിയില്ലെന്നു സുപ്രീംകോടതി ചോദിക്കേണ്ടതായിരുന്നുവെന്നും സിംഗ്വി കോണ്‍ഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്ഐആർ ഇത്രയും ഹ്രസ്വമായ സമയത്തിനുള്ളിൽ നടത്തുന്നത് നടപടിക്രമങ്ങളെ ചുരുക്കിക്കെട്ടുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. പാസ്പോർട്ട് ഒഴികെയുള്ള ആധാർ, റേഷൻ കാർഡുകൾ തുടങ്ങിയ രേഖകൾ പൗരത്വത്തിന് തെളിവല്ലെന്ന് സുപ്രീംകോടതി ശരിയായി വിധിച്ചിട്ടുണ്ടെന്നും എന്നാൽ, ഈ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പേരുകൾ ഒഴിവാക്കിയതെന്നും മനു സിംഗ്വി ചൂണ്ടിക്കാട്ടി. ഇതിനെക്കുറിച്ചും സുപ്രീംകോടതിയുടെ അഭിപ്രായവും കണ്ടെത്തലുകളും ഉണ്ടാകേണ്ടതായിരുന്നുവെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ബംഗാളിൽ വോട്ടർമാരെ നീക്കം ചെയ്തതിനെതിരെയുണ്ടായ 6000 അപ്പീലുകളിൽ ഏകദേശം 4000 എണ്ണവും ശരിവച്ചുവെന്നും ഇത്തരം അപ്പീലുകളുടെ വിജയശതമാനം 70 മുതൽ 80 ശതമാനം വരെയാണെങ്കിൽ അത് തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ച് വലിയൊരു ചോദ്യം ഉയർത്തുകയില്ലേയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
National
ന്യൂഡൽഹി: കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ ട്രാൻസ്ജെൻഡർ (അവകാശ സംരക്ഷണ) ഭേദഗതി നിയമത്തിനെതിരേ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
സമാനസ്വഭാവമുള്ള ഹർജികൾ ഒന്നിലധികം ഹൈക്കോടതികൾ പരിഗണിക്കുന്പോൾ പരസ്പരവിരുദ്ധ വിധിന്യായങ്ങൾക്ക് കാരണമാകുമെന്ന് വാദിച്ചാണ് കേന്ദ്രം ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചത്.
വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ വിവിധ ഹൈക്കോടതികളിൽനിന്ന് ലഭിക്കുന്ന അഭിപ്രായം സുപ്രീംകോടതിയുടെ തീരുമാനങ്ങളെ പലപ്പോഴും സഹായിക്കുമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ആവശ്യം പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു.
ട്രാൻസ്ജെൻഡർ നിർവചനം ഉൾപ്പെടെ സുപ്രീംകോടതിയുടെ മുൻ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിയമമെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാർ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമത്തിന്റെ ഭരണഘടനാ സാധുത ഉൾപ്പെടെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു.
ഹർജിയിൽ ഈ മാസം ആദ്യം സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ലിംഗഭേദം തിരിച്ചറിയുന്നതിനായി മെഡിക്കൽ അല്ലെങ്കിൽ ബ്യൂറോക്രാറ്റിക് ഇടപെടൽ ആവശ്യമായി വരുന്ന നിയമത്തിലെ വ്യവസ്ഥ വ്യക്തികളുടെ അന്തസ്, സ്വകാര്യത, ശാരീരിക സ്വയംഭരണം എന്നിങ്ങനെ ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണത്തെ വെല്ലുവിളിക്കുന്നു എന്നടക്കമുള്ള ആരോപണമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്.
National
ന്യൂഡൽഹി: വോട്ടർമാരുടെ പൗരത്വം പരിശോധിക്കാനും വൻതോതിൽ പേര് വെട്ടിമാറ്റാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കിവരുന്ന 'പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ' നടപടികളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിലാണ് വിധി വരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ജനുവരി 29-ന് നീണ്ട 29 ദിവസത്തെ തുടർച്ചയായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന് ശേഷം രാജ്യത്തെ വോട്ടർപട്ടിക നിർമാണ ഘടനയെ ബാധിക്കുന്ന ഏറ്റവും വലിയ ജുഡീഷ്യൽ അവലോകനമായാണ് നിയമവൃത്തങ്ങൾ ഈ കേസിനെ കാണുന്നത്.
വർഷാവർഷം നടത്തുന്ന സാധാരണ വോട്ടർപട്ടിക പുതുക്കലിൽ നിന്നും മാറി, 2025 ജൂൺ 24-ലെ വിജ്ഞാപനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ 'പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ' പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി ബിഹാറിലാണ് ഇത് നടപ്പാക്കിയത്. ഈ പുതിയ നിയമപ്രകാരം 2002 അല്ലെങ്കിൽ 2003 വോട്ടർപട്ടികയിൽ പേരില്ലാത്ത വോട്ടർമാർ തങ്ങളുടെ പൂർവികർ അക്കാലത്ത് വോട്ടർമാരായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കമ്മീഷൻ നിഷ്കർഷിച്ചിരുന്നു.
ഈ മാനദണ്ഡം പാലിക്കാത്തതുമൂലം ബിഹാറിൽ മാത്രം ഒടുവിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ നിന്നും 65 ലക്ഷത്തോളം വോട്ടർമാരെയാണ് കമ്മീഷൻ പുറത്താക്കിയത്. എൻജിഒ ആയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർക്ക് പുറമേ പ്രതിപക്ഷ നേതാക്കളായ കെ.സി. വേണുഗോപാൽ (കോൺഗ്രസ്), മഹുവ മൊയ്ത്ര (തൃണമൂൽ കോൺഗ്രസ്), മനോജ് ഝാ (ആർജെഡി), സുപ്രിയ സുലെ (എൻസിപി) തുടങ്ങിയവരാണ് ഹർജിക്കാർ.
National
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'പാറ്റ' പരാമർശത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ 'കോക്രോച്ച് ജനതാ പാർട്ടി' രൂപീകരിച്ച സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി. "ഇതിനെ അത്ര വൈകാരികമായി എടുക്കേണ്ടതില്ല" എന്ന് ഉപദേശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിക്കളയുകയായിരുന്നു.
കോടതി നടപടികളെ മനഃപൂർവ്വം വളച്ചൊടിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എൻ.കെ. ഗോസ്വാമിയാണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഡിജിറ്റൽ യുഗത്തിലെ ലൈവ് സ്ട്രീമിംഗ് ദൃശ്യങ്ങൾ മുറിച്ചെടുത്ത് സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ വഴി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ അന്തസിനെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
മേയ് 15-ന് ഒരു കേസിന്റെ വാദത്തിനിടയിലാണ് വ്യാജ നിയമ ബിരുദം ഉപയോഗിച്ച് അഭിഭാഷകരായി ചമയുന്നവരെയും, വ്യാജ മാധ്യമപ്രവർത്തകരെയും വിമർശിക്കാൻ ചീഫ് ജസ്റ്റിസ് 'പാറ്റ' അല്ലെങ്കിൽ 'പരജീവികൾ' എന്ന വാക്ക് ഉപയോഗിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് രാജ്യത്തെ യുവാക്കളെയാണ് പാറ്റകളോട് ഉപമിച്ചതെന്ന രീതിയിൽ ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ ഇത് വലിയ വിവാദമാക്കി മാറ്റി. തുടർന്ന് ചീഫ് ജസ്റ്റിസിനെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഒരു കൂട്ടായ്മയും രൂപപ്പെട്ടു.
ഇതിനെതിരെ മേയ് 16ന് തന്നെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താൻ യുവാക്കളെ അല്ല, മറിച്ച് വ്യാജ ബിരുദങ്ങളുമായി മാന്യമായ തൊഴിൽ മേഖലകളിലേക്ക് നുഴഞ്ഞുകയറുന്ന തട്ടിപ്പുകാരെയാണ് വിമർശിച്ചതെന്നും, രാജ്യത്തെ യുവാക്കളെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. കോടതി നടപടികളെ വെറും 'വൈറൽ കാഴ്ചകളാക്കി' മാറ്റുന്ന ട്രോൾ സംസ്കാരത്തിനെതിരെ ഹർജിയിൽ ശക്തമായ വാദങ്ങൾ ഉന്നയിച്ചെങ്കിലും, ഇത്തരം കാര്യങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
National
ന്യൂഡൽഹി: സ്കൂളുകളിൽ പ്രവർത്തനക്ഷമമല്ലാത്ത ശുചിമുറികളുടെയും സാനിറ്ററി പാഡുകളുടെ അഭാവവുംമൂലം പെണ്‍കുട്ടികൾക്കു പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീംകോടതി.
ആർത്തവ ശുചിത്വം സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻകാല ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം.
പെണ്‍കുട്ടികൾക്കു സൗജന്യമായി ഓക്സോബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ നൽകണമെന്നും ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ഉറപ്പാക്കണമെന്നും ജനുവരി 30ന് സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഓർമിപ്പിച്ചു.
വിധി പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആനുകൂല്യങ്ങൾ കഴിയുന്നത്ര പെണ്‍കുട്ടികളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15നകം എല്ലാ സംസ്ഥാനങ്ങളും സുപ്രീംകോടതി വിധിയിലെ നിർദേശം സംബന്ധിച്ച തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം.
നിർദേശം നടപ്പാക്കുന്നുണ്ടോ എന്നറിയാൻ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വിധിന്യായം പാലിക്കുന്നുണ്ടോയെന്ന് ഓരോ മൂന്നു മാസത്തിന്റെ ഇടവേളയിൽ നിരീക്ഷിക്കുമെന്നും കോടതി പറഞ്ഞു.
Kerala
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിംഗ് ഏജന്‍സിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. വിഷയത്തിൽ എന്‍ടിഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. വീഴ്ചകളില്‍നിന്ന് എന്‍ടിഎ പാഠം പഠിച്ചില്ലെന്ന് കോടതി വിമർശിച്ചു.
എൻടിഎ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് പി.എസ്.നരസിംഹയാണ് ഹർജി പരിഗണിച്ചത്.
രണ്ടുവര്‍ഷം മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോള്‍ കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സമിതി ചെയർമാന് ഡോ.കെ.രാധാകൃഷ്ണൻ സത്യവാംഗ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. മേല്‍നോട്ട സമിതിയുടെ തല്‍സ്ഥിതിയെക്കുറിച്ച് മൂന്നുദിവസത്തിനകം അറിയിക്കാന്‍ എന്‍ടിഎയോടും ആവശ്യപ്പെട്ടു.
ഈ വർഷം മാത്രം ഏകദേശം 23 ലക്ഷത്തോളം വിദ്യാർഥികളാണ് നീറ്റ്-യുജി പരീക്ഷ എഴുതിയതെന്നും അതിനാൽ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക തൻവി ദുബെ കോടതിയിൽ ആവശ്യപ്പെട്ടു. ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: ഒന്‍പതാം ക്ലാസ് വിദ്യാർഥികൾക്കു ത്രിഭാഷാ പഠനം നിർബന്ധമാക്കിയുള്ള സിബിഎസ്ഇ നയത്തിനെതിരായ ഹർജിയിൽ അടുത്തയാഴ്ച വാദം കേൾക്കുമെന്ന് സുപ്രീംകോടതി.
പുതിയ തീരുമാനം കുട്ടികൾക്ക് അനാവശ്യ ഭാരം സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടി ഒരുകൂട്ടം രക്ഷിതാക്കളും അധ്യാപകരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ ഇന്നലെ വിഷയം പരാമർശിച്ചതോടെയാണു വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ പെട്ടെന്നു രണ്ട് അധിക ഭാഷകൾകൂടി പഠിക്കണമെന്നു നിർബന്ധിക്കുന്നത് പത്താം ക്ലാസിലെ ബോർഡ് പരീക്ഷയ്ക്കുള്ള അവരുടെ തയാറെടുപ്പുകളെ ബാധിക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ജൂലൈ ഒന്നുമുതൽ ത്രിഭാഷാ പഠനം നടപ്പാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സർക്കുലർ കഴിഞ്ഞയാഴ്ചയാണ് സിബിഎസ്ഇ പുറത്തിറക്കിയത്. മൂന്നു ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം.
വിദേശഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യ രണ്ടു ഭാഷകളും ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ മൂന്നാം ഭാഷയായി അതു തെരഞ്ഞെടുക്കാൻ അനുവാദമുള്ളൂവെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ വിചാരണ നേരിടുന്ന ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. യുഎപിഎ നിയമപ്രകാരമുള്ള കർശനമായ ജാമ്യവ്യവസ്ഥകളും ദീർഘകാലത്തെ തടങ്കലും തമ്മിൽ വൈരുദ്ധ്യം നിൽക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ നിർണായക തീരുമാനം.
നേരത്തെ ഇതേ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ നിലപാടിനെതിരെ, മറ്റൊരു സുപ്രീംകോടതി ബെഞ്ച് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് വിഷയം വിശാല ബെഞ്ചിലേക്ക് മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു യുഎപിഎ കേസിൽ ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ ബി.വി. നഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച്, ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച മുൻ ഉത്തരവിനെ വിമർശിച്ചിരുന്നു.
ദീർഘകാലം വിചാരണയില്ലാതെ തടവിൽ പാർപ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും, യുഎപിഎ കേസാണെങ്കിൽ പോലും 'ജാമ്യമാണ് നിയമം, ജയിൽ അപവാദമാണ്' എന്ന തത്വം ബാധകമാണെന്നും കോടതി വ്യക്തമാക്കി. മുൻപ് മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച 'കെ.എ. നജീബ്' കേസിലെ വിധി മറികടന്നാണ് രണ്ടംഗ ബെഞ്ച് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതെന്ന വിമർശനം ഉയർന്നതോടെയാണ് വിഷയത്തിൽ കൂടുതൽ വ്യക്തതയ്ക്കായി വിശാല ബെഞ്ചിനെ സമീപിക്കാൻ ഡൽഹി പോലീസും കോടതിയിൽ ആവശ്യപ്പെട്ടത്.
2020 സെപ്റ്റംബർ മുതൽ വിചാരണയൊന്നും ആരംഭിക്കാതെ അഞ്ച് വർഷത്തോളമായി ഉമർ ഖാലിദ് ജയിലിൽ തുടരുകയാണ്. വിശാല ബെഞ്ചിന്റെ അന്തിമ തീർപ്പ് വരുന്നത് വരെ ഉമർ ഖാലിദ് ജയിലിൽ തന്നെ തുടരും. എന്നാൽ നിയമത്തിലെ കടുത്ത വ്യവസ്ഥകൾ പുനഃപരിശോധിക്കപ്പെടാൻ ഈ തീരുമാനം വഴിവെച്ചേക്കും.
National
ന്യൂഡൽഹി: ഇംഗ്ലീഷ് അറിയാമെങ്കിലും അവരതു സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കേരളത്തിലുള്ളവരെക്കുറിച്ച് പരാമർശം നടത്തി സുപ്രീംകോടതി. ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജി കേരളത്തിൽനിന്നു പഞ്ചാബിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു ഭാര്യ നൽകിയ ഹർജിയിൽ വാദം കേൾക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.
കേസ് കേരളത്തിൽ നടത്തുന്നതിന് തടസമില്ലെന്നും കേരളത്തിലുള്ള എല്ലാവർക്കും ഇംഗ്ലീഷ് അറിയാമെന്നും ഭർത്താവിനുവേണ്ടി ഹാജരായ അഭിഭാഷകൻ അൽജോ ജോസഫ് വാദിച്ചെങ്കിലും ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് അത്തരം അനുമാനത്തെ തള്ളുകയായിരുന്നു.
2017ൽ വിവാഹിതരായി യുകെയിലേക്കു താമസം മാറിയ ദന്പതികൾ പിന്നീട് വേർപിരിഞ്ഞുവെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. വേർപിരിയലിനുശേഷം ഭർത്താവ് അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ഇന്ത്യയിലേക്ക് മടങ്ങുകയും കുട്ടിയുടെ സംരക്ഷണാവകാശം, വിവാഹമോചനം എന്നിവ ആവശ്യപ്പെട്ട് കേരളത്തിൽ കേസ് ഫയൽ ചെയ്യുകയുമായിരുന്നു.
എന്നാൽ യുകെയിൽ തന്നെ താമസം തുടരുന്ന ഭാര്യ ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഉൾപ്പെടെയുള്ള നിരവധി പരിമിതികൾ കാരണം കേസ് പഞ്ചാബിലെ ലുധിയാനയിലേക്കു മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
തനിക്കുവേണ്ടി കേസ് നടത്തുന്ന തന്റെ അമ്മ കേരളത്തിൽ കേസ് നടത്തുന്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഭാര്യക്കുവേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. ഭാഷാപരമായ സൗകര്യം നിസാരമായി കാണാനാകില്ലെന്നു വ്യക്തമാക്കി കേസ് നടപടികൾ ലുധിയാനയിലെ കോടതിയിലേക്കു മാറ്റാൻ സുപ്രീം കോടതി അനുവദിച്ചു.
Kerala
കണ്ണൂർ: കണ്ണൂരിൽ തുടങ്ങിയ പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽ പ്രതീക്ഷിച്ച പരിസമാപ്തി. തെരുവുനായ്ക്കളുടെ ദയാവധത്തിന് അനുമതി തേടി അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ് തെരുവുനായ ആക്രമണം പ്രധാന വിഷയമായി ആദ്യം സുപ്രീംകോടതിയിൽ കൊണ്ടുവന്നത്. പിന്നീട് ഇതേ കാര്യം ചൂണ്ടിക്കാട്ടി നിരവധി കേസുകൾ കോടതികളിലെത്തി.
പ്രധാനമായും സംസ്ഥാനത്തു നടന്ന രണ്ടു സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹർജി സമർപ്പിച്ചത്-2025 ജൂൺ 11ന് കണ്ണൂർ മുഴപ്പിലങ്ങാട് പത്തുവയസുകാരൻ നിഹാലിനെ തെരുവുനായ കടിച്ചുകീറി കൊന്നതും ഇതേ പ്രദേശത്തുതന്നെ നായ്ക്കളുടെ ആക്രമണത്തിൽ ജൂൺ 19ന് ജാൻവി എന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതും.
രണ്ടു സംഭവങ്ങളും ദൗർഭാഗ്യകരമാണെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അന്നു നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ഞെട്ടിക്കുന്ന കണക്കുകൾ
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കുന്നതായി ഭരണാധികാരികൾ ആവർത്തിക്കുന്പോഴും സംസ്ഥാനത്ത് പ്രതിദിനം ആയിരത്തോളം പേർ തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെടുന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏകദേശം 2.89 ലക്ഷം തെരുവുനായ്ക്കൾ ഉണ്ട്. എന്നാൽ, സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം ചുരുങ്ങിയത് അഞ്ചു ലക്ഷത്തിനു മുകളിലാണെന്ന് പ്രാദേശിക കണക്കുകളുടെ ശരാശരി പരിശോധിക്കുമ്പോൾത്തന്നെ വ്യക്തമാകും. 2017 ൽ 1.35 ലക്ഷം പേർക്കാണു നായയുടെ കടിയേറ്റത്.
2018ൽ 1.48 ലക്ഷം, ,2019ൽ 1.61 ലക്ഷം, 2020 ൽ 1,60,483, 2021 ൽ- 2,21,379, 2022ൽ 2,88,866 എന്നിങ്ങനെയാണു തെരുവുനായ് ആക്രമണത്തിനിരയായവരുടെ കണക്ക്.
2023ൽ1.60 ലക്ഷം പേർ ആക്രമണത്തിനിരയാകുകയും പേവിഷ ബാധയേറ്റ് 25 പേർ മരിക്കുകയും ചെയ്തു. 2024 ൽ സംസ്ഥാനത്ത് 3.16 ലക്ഷം തെരുവുനായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് നിയമസഭാരേഖയിൽ പറയുന്നത്. പേ വിഷബാധയേറ്റ് 26 മരണവും സംഭവിച്ചു.
2025ൽ സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ 3.25 ലക്ഷത്തോളം പേർക്ക് പരിക്കേറ്റു. 33 പേർ പേവിഷബാധയേറ്റ് മരിക്കുകയും ചെയ്തു. അഖിലേന്ത്യാതലത്തിൽ നായ ആക്രമണ സംഭവങ്ങൾ 47.48 ലക്ഷം കവിഞ്ഞു. സുപ്രീംകോടതിയുടെ കണക്കുകൾ പ്രകാരം ഇത്രയും ഉയർന്ന ആക്രമണങ്ങൾ വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിക്കഴിഞ്ഞു.
National
ന്യൂഡൽഡഹി: രാജ്യത്ത് വലിയ ചർച്ചയായ തെരുവുനായ കേസിൽ അതീവ നിർണായകവും കർശനവുമായ ഉത്തരവുമായി സുപ്രീംകോടതി. മനുഷ്യ ജീവന് ഭീഷണിയാകുന്നതും അപകടകാരികളായതുമായ തെരുവുനായ്ക്കളെ കൊലപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന മുൻ ഉത്തരവിനെതിരെ മൃഗസ്നേഹികൾ സമർപ്പിച്ച അപേക്ഷയും കോടതി തള്ളി.
മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ. ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പൊതുസുരക്ഷ മുൻനിർത്തി തെരുവുനായകൾക്കെതിരെ നടപടിയെടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽകണം. ഇവർക്കെതിരെ ക്രിമിനൽ നടപടികളോ കേസുകളോ പാടില്ല. നടപടികൾക്ക് തടസം നിൽക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുയിടങ്ങളിൽ അലഞ്ഞുതിരിയുന്ന നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റണം. നായകളെ പിടികൂടുന്നിടത്ത് തന്നെ തിരികെ തുറന്നുവിടരുത് എന്ന മുൻ ഉത്തരവിൽ ഇടപെടാനും കോടതി വിസമ്മതിച്ചു. ആനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ പൂർണമായി നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ എല്ലാ ജില്ലകളിലും പൂർണതോതിൽ പ്രവർത്തിക്കുന്ന എബിസി സെന്ററുകൾ ഉറപ്പാക്കണം. പേവിഷബാധ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കണം. നായ കടിയേറ്റവർക്ക് ചികിത്സ നൽകാൻ ആശുപത്രികളിൽ പ്രത്യേക സംവിധാനം ഒരുക്കണം. ദേശീയപാതകൾ, എക്സ്പ്രസ് വേകൾ, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ നിന്ന് അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ നീക്കം ചെയ്യണമെന്നും സുപ്രീംകോടതി പറഞ്ഞു.
മേൽനോട്ടത്തിന് ഹൈക്കോടതികളിൽ പ്രത്യേക ബെഞ്ച്
സുപ്രീംകോടതി ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എല്ലാ ഹൈക്കോടതികളിലും രണ്ടംഗ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. സംസ്ഥാന ചീഫ് സെക്രട്ടറിമാർ സ്വീകരിച്ച നടപടികൾ ഓഗസ്റ്റ് അഞ്ചിനുള്ളിൽ അതത് ഹൈക്കോടതികളെ ബോധിപ്പിക്കണം. ഹൈക്കോടതികൾ ഈ വിവരങ്ങൾ നവംബർ 17-നകം സുപ്രീംകോടതിയിൽ റിപ്പോർട്ടായി സമർപ്പിക്കേണ്ടതുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നവംബർ ഏഴിലെ തങ്ങളുടെ മുൻ വിധിക്കെതിരേ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ കോടതി പൂർണമായും തള്ളി.
ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ മുന്നോട്ടുവച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. വിധി പൂർണമായ അർഥത്തിൽ നടപ്പിലാക്കുന്നതിനായി സുപ്രീം കോടതി രാജ്യത്തെ സംസ്ഥാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാരിനും കർശനമായ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
തദ്ദേശീയമായ സാഹചര്യങ്ങൾക്കനുസരിച്ച് ഈ വിധി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും സുപ്രീം കോടതി നേരിട്ട് നിരീക്ഷണ ചുമതല കൈമാറി. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്ര സർക്കാരും ഈ ഉത്തരവ് നടപ്പിലാക്കിയതിന്റെ കൃത്യമായ പുരോഗതി റിപ്പോർട്ട് ഓഗസ്റ്റ് ഏഴിനകം ഹൈക്കോടതികൾക്ക് മുൻപാകെ സമർപ്പിക്കണം. തുടർന്ന് ഹൈക്കോടതികൾ നൽകുന്ന ഏകീകൃത റിപ്പോർട്ട് നവംബർ 17ന് സുപ്രീം കോടതി പരിശോധിക്കും.
Kerala
ന്യൂഡൽഹി: യുഎപിഎ, ഭീകരവാദ കേസുകളിൽപോലും ജാമ്യംതന്നെയാണു നിയമമെന്ന് സുപ്രീംകോടതി. ഡൽഹി കലാപക്കേസിൽ യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ ജെഎൻയു മുൻ വിദ്യാർഥിനേതാവ് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച സുപ്രീംകോടതിയുടെതന്നെ പഴയ വിധിയെ ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തു.
ഖാലിദിന്റെ വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ച പഴയ വിധി വേണ്ടത്ര അവധാനതയോടെയല്ലെന്ന് കോടതി നിരീക്ഷിച്ചു. യുഎപിഎ കേസുകളിലെ തീർപ്പാക്കിയ ജാമ്യ നിയമത്തിൽനിന്നുള്ള വ്യതിചലനമാണു ജനുവരിയിലെ സുപ്രീംകോടതി ഉത്തരവെന്ന് രണ്ടംഗബെഞ്ച് ചൂണ്ടിക്കാട്ടി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ഖാലിദിനും കൂട്ടുപ്രതി ഷർജീൽ ഇമാമിനും ജാമ്യം നൽകാൻ കോർഡിനേറ്റ് ബെഞ്ച് വിസമ്മതിച്ചതിനെതിരേ സുപ്രീംകോടതി ഇന്നലെ എതിർപ്പ് പ്രകടിപ്പിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) കേസുകളിലും ജാമ്യം തന്നെയാണു നിയമമെന്നും അതൊരു പൊള്ളയായ മുദ്രാവാക്യമല്ലെന്നും കോടതി വ്യക്തമാക്കി. യുഎപിഎയുടെ 43 ഡി (5) വകുപ്പനുസരിച്ചുള്ള കിരാതമായ ജാമ്യവ്യവസ്ഥ, ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം വേഗത്തിലുള്ള വിചാരണയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിവ തമ്മിലുള്ള ബന്ധം നിലവിലെ കേസ് മുന്നിലെത്തിച്ചതായി കോടതി പറഞ്ഞു.
വിചാരണയിൽ അതിരുകടന്നതും വിശദീകരിക്കാനാകാത്തതുമായ കാലതാമസമുണ്ടായാൽ യുഎപിഎ പ്രതിയെ ജാമ്യത്തിൽ വിടാമെന്നായിരുന്നു 2021ലെ കെ.എ. നജീബ് കേസിലെ വിധി. വ്യക്തിസ്വാതന്ത്ര്യത്തിന് അനുകൂലമായ മാറ്റത്തിന്റെ സൂചനയാണിത്. വ്യക്തി അവകാശങ്ങൾ സംരക്ഷിക്കുന്ന നജീബ് വിധിപോലുള്ള വിധികൾ പാലിക്കണമെന്നും സുപ്രീംകോടതിയും കീഴ്ക്കോടതികളും അവഗണിക്കരുതെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ ഏജൻസി ഉന്നയിക്കുന്ന പ്രഥമദൃഷ്ട്യായുള്ള ആരോപണങ്ങൾ സത്യമാണെന്ന് അന്ധമായി അംഗീകരിച്ചു ജാമ്യം നിഷേധിക്കുകയാണെങ്കിൽ വിചാരണയ്ക്കുമുന്പുള്ള തടവ് വിചാരണയ്ക്കുശേഷമുള്ള ശിക്ഷാ സ്വഭാവം കൈവരിക്കാൻ തുടങ്ങുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേസ് ഇതിനകംതന്നെ പ്രഥമദൃഷ്ട്യാ ആയതിനാൽ എത്ര ദൈർഘ്യമുള്ള തടവുശിക്ഷയാണെങ്കിലും ഒരു കോടതിയും ഒരിക്കലും ജാമ്യം അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
ഒരു നിയമം കൂടുതൽ കർശനമാണെങ്കിൽ വിചാരണ വേഗത്തിൽ നടത്തണമെന്ന് നജീബ് വിധി ശരിവച്ചിട്ടുണ്ടെന്ന് ജസ്റ്റീസ് ഭൂയാൻ പറഞ്ഞു. യുഎപിഎ ജാമ്യവ്യവസ്ഥയുടെ കർശനത, കാലതാമസം എന്നിവ വിചാരണത്തടവുകാരന് ശിക്ഷയായി മാറ്റാൻ സർക്കാരുകൾ ഉപയോഗിക്കരുതെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
വ്യക്തിസ്വാതന്ത്ര്യം പരമോന്നതമായി ശക്തിപ്പെടുത്തുകയാണു വേണ്ടത്. ജാമ്യം ഒരു നിയമമാണെന്നും ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ, പ്രത്യേകിച്ച് അനിശ്ചിതകാലത്തേക്കു വിചാരണ നടക്കുന്ന കേസുകളിൽപ്പോലും ജയിൽ അപവാദമാണെന്ന് ജസ്റ്റീസ് ഭൂയാൻ അഭിപ്രായപ്പെട്ടു.
ജമ്മു കാഷ്മീർ-ലഡാക്ക് ഹൈക്കോടതിയുടെ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വിധി ചോദ്യം ചെയ്ത പ്രത്യേക അവധി ഹർജിയുടെ അടിസ്ഥാനത്തിലാണു വിധി. യുഎപിഎയുടെ ജാമ്യത്തിനുള്ള കർശനമായ പരിധികളും മയക്കുമരുന്നു നിരോധന നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും കണക്കിലെടുത്ത് പ്രതി ജാമ്യം അർഹിക്കുന്നുവെന്ന് ഹൈക്കോടതി നിഗമനം നടത്തിയിരുന്നു.
വ്യക്തിസ്വാതന്ത്ര്യം അവകാശം
ആറു വർഷത്തിലേറെ വിചാരണത്തടവുകാരായി കഴിഞ്ഞിട്ടും ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച കഴിഞ്ഞ ജനുവരിയിലെ സുപ്രീംകോടതിയിലെ ഗൾഫിഷ ഫാത്തിമയും ഡൽഹി സംസ്ഥാനവും തമ്മിലുള്ള കേസിലെ വിധിന്യായത്തിന് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിമർശനം.
യുഎപിഎ കേസുകളിൽ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ദുർബലപ്പെടുത്തുന്ന വിധികളെക്കുറിച്ച് ആഴത്തിലുള്ള ആശങ്ക ഇന്നലത്തെ വിധിയിൽ പരമോന്നത കോടതി തുറന്നുകാട്ടി.
ഖാലിദിനെയും ഷർജീലിനെയും "ഗുണപരമായി വ്യത്യസ്തമായ നിലയിലാക്കി' ജാമ്യം നൽകാൻ ഈ വർഷം ജനുവരിയിൽ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. എന്നാൽ ഇതേ കേസിൽ മറ്റ് അഞ്ചുപേർക്ക് ജസ്റ്റീസ് അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് ജാമ്യം അനുവദിച്ചു. കെ.എ. നജീബ് വിധിന്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന തത്വങ്ങളുടെ ആനുകൂല്യങ്ങളിൽനിന്ന് ഖാലിദിനെയും ഷർജീലിനെയും ഒഴിവാക്കിയിരുന്നു.
National
ന്യൂഡൽഹി: സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നാല് കൂടി വർധിപ്പിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീംകോടതിയിലെ ആകെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34ൽ നിന്നും 38 ആയി ഉയരും.
പാർലമെന്റ് ഇപ്പോൾ സമ്മേളനത്തിലല്ലാത്തതിനാലും, അടിയന്തിര നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടെന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടതിനാലുമാണ് ഇത്തരമൊരു നടപടിയെന്ന് മേയ് 16ന് പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ നിർദേശത്തിന് അംഗീകാരം ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രാഷ്ട്രപതിയുടെ ഈ നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ 123 പ്രകാരം രാഷ്ട്രപതിക്ക് നൽകിയിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുള്ളത്.
National
ന്യൂഡൽഹി: പരിസ്ഥിതിലോല മലനിരയായ ആരവല്ലിയുടെ ഒരിഞ്ചുപോലും ഇനി ഖനനത്തിനോ മറ്റാവശ്യങ്ങൾക്കോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നു സുപ്രീംകോടതി.
കോടതി നിയമിച്ച വിദഗ്ധസമിതി പരിസ്ഥിതിലോല പർവതനിരയുടെ പുതിയ നിർവചനം സമർപ്പിക്കുന്നതുവരെ ആരവല്ലി കുന്നുകളിൽ ഖനന പ്രവർത്തനങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുന്നുകൾ പാട്ടത്തിനു നൽകുന്നതോ പുതുക്കുന്നതോ ആയ പ്രക്രിയ അന്തിമ അനുമതികൾ വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ഖനന പാട്ട ഉടമകളുടെയും പുതിയ പാട്ടത്തിന് അപേക്ഷിക്കുന്നവരുടെയും അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ഹരിത ശ്വാസകോശങ്ങളാണ് ആരവല്ലി പർവതനിരയെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് പറഞ്ഞു.
ഏതെങ്കിലും പ്രവർത്തനം അനുവദിക്കുന്നതിനുമുന്പ് കർശനമായ പരിസ്ഥിതിസംരക്ഷണം കോടതി ഉറപ്പാക്കും. പുതിയ റിപ്പോർട്ട് ലഭിക്കാതെ ഒരു പ്രവർത്തനവും അനുവദിക്കില്ല. ശക്തമായ ഖനന ലോബിയുടെ സ്വാധീനം മൂലമാണ് ഈ പ്രശ്നം ഉയർന്നുവന്നതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
രാജ്യത്തെ വടക്കുപടിഞ്ഞാറൻ മേഖലകളിലായി പരന്നുകിടക്കുന്ന ആരവല്ലി കുന്നുകൾ നിർവചിക്കുന്നതിനുള്ള വിവാദപരമായ 100 മീറ്റർ ഉയര മാനദണ്ഡങ്ങൾ അംഗീകരിച്ച സുപ്രീംകോടതിയുടെ പഴയ വിധി അഞ്ചു മാസം മുന്‍പ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
പ്രദേശത്തിന്റെ വലിയൊരു ഭാഗത്ത് ഖനന പ്രവർത്തനങ്ങൾ നടക്കുമെന്ന മുന്നറിയിപ്പുമായി പരിസ്ഥിതിപ്രവർത്തകർ ഈ നിർവചനത്തെ എതിർത്തിരുന്നു. 100 മീറ്റർ ഉയര നിർവചനം അംഗീകരിച്ച നവംബർ 20ലെ വിധിന്യായം ഡിസംബർ 29നാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
എല്ലാ ഖനന പ്രവർത്തനങ്ങളും ഉടനടി നിർത്തിവയ്ക്കാനും ആരവല്ലി മേഖലയിലെ ഖനനം പാട്ടത്തിനു നൽകുന്നതും പുതുക്കുന്നതും നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.
വാദങ്ങളും കോടതിയുടെ നിരീക്ഷണവും
ഹരിത ശ്വാസം: വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ഹരിത ശ്വാസകോശങ്ങളാണ് ആരവല്ലി പർവതനിരയെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
ഖനന ലോബിയുടെ സ്വാധീനം: ശക്തമായ ഖനന ലോബിയുടെ സ്വാധീനം മൂലമാണ് ഈ പ്രശ്നം ഉയർന്നുവന്നതെന്ന് കോടതി നിരീക്ഷിച്ചു.
പാട്ട ഉടമകളുടെ ആവശ്യം തള്ളി: അന്തിമ അനുമതി വരുന്നതു വരെ കുന്നുകൾ പാട്ടത്തിന് നൽകുന്നതോ പുതുക്കുന്നതോ ആയ പ്രക്രിയ തുടരാൻ അനുവദിക്കണമെന്ന ഖനന -പാട്ട ഉടമകളുടെയും അപേക്ഷകരുടെയും ആവശ്യം കോടതി നിരാകരിച്ചു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
പരീക്ഷാനടത്തിപ്പിന് കുറ്റമറ്റ പുതിയ സംവിധാനം വേണമെന്നും പരീക്ഷാസന്പ്രദായത്തിൽ ഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുമാണ് യുനൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് ഹർജി നൽകിയത്.
നിലവിലുള്ള എൻടിഎ പിരിച്ചുവിട്ട് സുതാര്യതവും വ്യക്തവുമായ മാനദണ്ഡങ്ങളോടെ പുതിയൊരു സംവിധാനം ഉണ്ടാകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഇതിനായി പാർലമെന്റിൽ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരിനോടു നിർദേശിക്കണമെന്നും ഹർജിയിലുണ്ട്.
National
ന്യൂഡൽഹി: ഗോവയിലെ പോണ്ട നിയമസഭാ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഉത്തരവ് ചോദ്യംചെയ്തു സുപ്രീംകോടതിയെ സമീപിച്ച കോൺഗ്രസ് നേതാവ് കേതൻ ഭാട്ടികർ പാന്പുകടിയേറ്റുമരിച്ചു.
ഇതേത്തുടർന്ന് കേസ് അവസാനിപ്പിക്കാൻ ജസ്റ്റീസ് വിക്രം നാഥും ജസ്റ്റീസ് സന്ദീപ് മേത്തയും അടങ്ങുന്ന സുപ്രീംകോടതി ബഞ്ച് തീരുമാനിച്ചു.കഴിഞ്ഞ ഒക്ടോബറിൽ സിറ്റിംഗ് എംഎൽഎ രവി നായികിന്റെ മരണത്തെത്തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്പതിനു തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇലക്ഷൻ കമ്മിഷൻ വിജ്ഞാപനം.
മണ്ഡലത്തിലെ രണ്ട് വോട്ടർമാർ സമർപ്പിച്ച ഹർജിയിയെത്തുർടർന്ന് ബോംബെ ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കുകയായിരുന്നു. നിയമസഭയുടെ കാലാവധി ഒരുവർഷത്തിൽ താഴെയാണെന്നായിരുന്നു ഹൈക്കോടതി നിലപാട്.
ഇതു ചോദ്യംചെയ്താണ് പ്രതിപക്ഷമായ കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്നു ഭാട്ടികർ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കർണാടകയിലെ ദണ്ഡേലിയിൽവച്ച് വ്യാഴാഴ്ച രാത്രിയാണ് 38 കാരനായ ഭാട്ടികറിനു പാന്പുകടിയേറ്റത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘
National
ന്യൂഡല്‍ഹി: സ്വകാര്യ വിമാനക്കമ്പനികള്‍ ഈടാക്കുന്ന യാത്രാനിരക്കില്‍ സുപ്രീംകോടതിക്ക് അതൃപ്തി. അമിതവും വിവേചനപരവുമാണ് യാത്രാനിരക്കെന്നാണ് കോടതിയുടെ നിരീക്ഷണം.
രാജ്യത്തെ വിമാന നിരക്ക് ഘടന അടിയന്തരമായി പരിഷ്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാധാരണക്കാരായ യാത്രക്കാര്‍ക്ക് ആശ്വാസം നല്കാന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി. സ്വകാര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം.
ഒരേ ദിവസം ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിവിധ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കോടതി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
ഒരേ സ്ഥലത്തേക്കു പറക്കുന്ന ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഒരു വിമാനക്കമ്പനി 8,000 രൂപ ഈടാക്കുമ്പോള്‍ മറ്റൊരു കമ്പനിയുടെ നിരക്ക് 18,000 രൂപയാണ്. ഇതെന്തു നിരക്കാണെന്നു കോടതി ചോദിച്ചു.
ഇതു വലിയ അപാകതയല്ലേ?. ഒരു മാനദണ്ഡവുമില്ലാതെയാണോ നിരക്കു തീരുമാനിക്കുന്നത്. യാത്രക്കാര്‍ക്ക് ആശ്വാസം നല്കുന്ന തീരുമാനം സര്‍ക്കാര്‍ കുറച്ചെങ്കിലും ആശ്വാസം നല്കാന് സര്‍ക്കാര്‍ ശ്രമിക്കണം. വിമാനക്കൂലിയില്‍ നിയന്ത്രണം ഉണ്ടാകണമെന്നും കോടതി പറഞ്ഞു.
ഉത്സവ സീസണുകളിലും പ്രകൃതിദുരന്തങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോഴും വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കൂട്ടുന്നുണ്ട്.
ഇതാകട്ടെ നൂറിരട്ടിയും മുന്നൂറിരട്ടിയുമാണ്. ഇത് ചൂഷണമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ലഗേജ് പരിധി കുറച്ചതും ഹർജിക്കാരൻ ചോദ്യം ചെയ്തു. സുപ്രീംകോടതി കേസ് കൂടുതല്‍ വാദത്തിനായി ജൂലൈ 13-ലേക്ക് മാറ്റിവച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന ഗുരുതരമായ ഇന്ധനപ്രതിസന്ധിയും വിലക്കയറ്റവും മറികടക്കാൻ നിർണായക നടപടികളുമായി രാജ്യത്തെ പരമോന്നത നീതിപീഠം.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സുപ്രീംകോടതി ഹൈബ്രിഡ് പ്രവർത്തന രീതിയിലേക്ക് മാറാൻ തീരുമാനിച്ചു. ഇനി മുതൽ തിങ്കൾ, വെള്ളി ദിവസങ്ങളിലെയും മറ്റ് ഭാഗിക പ്രവൃത്തിദിനങ്ങളിലെയും എല്ലാ കേസുകളും പൂർണമായും വീഡിയോ കോൺഫറൻസിംഗ് വഴി മാത്രമായിരിക്കും കേൾക്കുക.
വെള്ളിയാഴ്ച സുപ്രീംകോടതി സെക്രട്ടറി ജനറൽ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ധന സംരക്ഷണവും കാര്യക്ഷമമായ പ്രവർത്തനവും ലക്ഷ്യമിട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയം മേയ് 12ന് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ഈ അടിയന്തര നടപടി. തടസമില്ലാത്ത വാദത്തിനായി അഭിഭാഷകർക്ക് കൃത്യസമയത്ത് ലിങ്കുകൾ നൽകാൻ രജിസ്ട്രിക്ക് നിർദേശം നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി, ഈ വിഷയത്തിൽ വീണ്ടും വാദം കേൾക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സെംഗാറിന്റെ ശിക്ഷ മരവിപ്പിക്കാൻ ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ സുപ്രീംകോടതി തള്ളി. എംഎൽഎമാരെ 'പൊതുസേവകൻ' എന്ന നിർവചനത്തിൽ ഉൾപ്പെടുത്താമോ എന്നതടക്കമുള്ള വിഷയങ്ങൾ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
സെംഗാർ നൽകിയ അപ്പീലിൽ രണ്ട് മാസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി ശ്രമിക്കണമെന്ന് കോടതി നിർദേശിച്ചു. അപ്പീൽ തീർപ്പാക്കാൻ വൈകുകയാണെങ്കിൽ, വേനൽ അവധിക്ക് മുൻപായി ശിക്ഷ മരവിപ്പിക്കാനുള്ള അപേക്ഷയിൽ ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിക്കണം.
സെംഗാർ സിറ്റിംഗ് എംഎൽഎ ആയതുകൊണ്ട് പോക്സോ നിയമപ്രകാരമുള്ള 'പൊതുസേവകൻ' എന്ന നിർവചനത്തിൽ വരില്ലെന്നും, അതിനാൽ കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കൂ എന്നും നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി നേരത്തെ ഇയാൾക്ക് ശിക്ഷായിളവ് നൽകിയത്. ഇതിനെതിരെ സിബിഐയും അതിജീവിതയും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
ബലാത്സംഗക്കേസിന് പുറമേ, അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ 10 വർഷത്തെ തടവ് ശിക്ഷ കൂടി സെംഗാർ അനുഭവിക്കുന്നുണ്ട്. അതിനാൽ കുൽദീപ് സെംഗാർ ഇപ്പോൾ ജയിലിൽ തന്നെയാണ് തുടരുന്നത്.
2017-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 2019-ലാണ് സെംഗാറിനെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പുതിയ വിധിയിലൂടെ പ്രതിക്ക് താത്കാലികമായി ലഭിച്ച നിയമപരമായ ഇളവുകൾ ഇല്ലാതായിരിക്കുകയാണ്.
National
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതു പരിഗണിച്ച് ജാമ്യാപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികൾക്കു സുപ്രീംകോടതി നിർദേശം നൽകി.
ഇരകളുടെ അവകാശം സംരക്ഷിച്ചുകൊണ്ടുതന്നെ ജാമ്യഹർജികൾ വേഗത്തിൽ തീർപ്പാക്കണമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് രാജ്യത്തുടനീളമുള്ള ഹൈക്കോടതികൾക്കു ഇതിനാവശ്യമായ നിർദേശം നൽകിയത്. ഇതിനായി ഹൈക്കോടതികളും അന്വേഷണ ഏജൻസികളും ഒത്തൊരുമിച്ചു പ്രവർത്തിച്ചുകൊണ്ടുള്ള സമീപനമുണ്ടാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
ഓട്ടോമാറ്റിക് സോഫ്റ്റ്വേർ അധിഷ്ഠിത സംവിധാനത്തിലൂടെ ആഴ്ചയിലോ 14 ദിവസത്തിലോ ജാമ്യഹർജികൾ ലിസ്റ്റ് ചെയ്യണമെന്നാണു സുപ്രീംകോടതിയുടെ മറ്റൊരു നിർദേശം. പുതിയ ജാമ്യഹർജികൾ ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയിലൊരിക്കലോ ലിസ്റ്റ് ചെയ്യണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുവേണ്ടി കേസുകൾ വെറുതെ മാറ്റിവയ്ക്കുന്ന ശീലം ഒഴിവാക്കണമെന്നും ജാമ്യഹർജികൾ തീർപ്പാക്കുന്നതിനായി ബാഹ്യമായി സമയപരിധികൾ വയ്ക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഗാർഹിക പീഡനക്കേസിൽ പ്രതിയായ ഭർത്താവിന് മുൻകൂർ ജാമ്യം അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഭാര്യയെ മൃഗത്തെപ്പോലെ കണക്കാക്കാൻ ഭർത്താവിന് അവകാശമില്ലെന്നും മാന്യമായി ജീവിക്കാൻ അവൾക്ക് അവകാശമുണ്ടെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ബെഞ്ച് ഈ നിർണായക പരാമർശം നടത്തിയത്.
ഒരു സ്ത്രീ വിവാഹിതയാകുന്നത് അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാനാണ്. ഭർത്താവിന്റെ വീട്ടിൽ അവൾ നേരിടുന്ന പീഡനങ്ങൾ അംഗീകരിക്കാനാവില്ല. ഭാര്യയെ വെറുമൊരു വസ്തുവായോ മൃഗമായോ കാണുന്ന പ്രവണത ഭർത്താക്കന്മാർ അവസാനിപ്പിക്കണം. ഭരണഘടന ഉറപ്പുനൽകുന്ന മാന്യമായി ജീവിക്കാനുള്ള അവകാശം സ്ത്രീകൾക്കുമുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.
കേസിലെ ഗൗരവം പരിഗണിച്ച് പ്രതിക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തിന് മുന്നിൽ കീഴടങ്ങാനും അന്വേഷണവുമായി സഹകരിക്കാനും കോടതി നിർദേശിച്ചു. ഗാർഹിക പീഡനക്കേസുകളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത കോടതി ഊന്നിപ്പറഞ്ഞു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന സന്ദേശമാണ് ഈ വിധിയിലൂടെ സുപ്രീംകോടതി നൽകുന്നത്.
National
ന്യൂഡൽഹി: 14 വയസിൽ താഴെയുള്ള കുട്ടികൾക്ക് പഠനം നൽകുന്ന എല്ലാ വിദ്യാഭ്യാസ, മത സ്ഥാപനങ്ങളും നിയന്ത്രിക്കുന്നതിന് നിയമനിർമാണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതി ഈ നിർദേശം നൽകിയത്.
ഹർജിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ ഒരു നിവേദനമായി കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിക്കാനും, സർക്കാർ അത് പരിഗണിക്കണമെന്നും ജസ്റ്റിസുമാർ ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. രാജ്യത്തെ എല്ലാ മതപാഠശാലകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃത്യമായ സർക്കാർ മേൽനോട്ടത്തിലും നിയന്ത്രണത്തിലും വരണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.
നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കുട്ടികൾ ചൂഷണത്തിനും തെറ്റായ ആശയങ്ങളുടെ സ്വാധീനത്തിനും ഇരയാകാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന വിദ്യാഭ്യാസ അവകാശവും കുട്ടികളുടെ സുരക്ഷയും മുൻനിർത്തി എല്ലാ സ്ഥാപനങ്ങൾക്കും ഏകീകൃതമായ മാനദണ്ഡങ്ങൾ വേണമെന്നും അശ്വിനി കുമാർ ഉപാധ്യായ വാദിച്ചു.
വിഷയത്തിൽ കോടതി നേരിട്ട് ഉത്തരവിടുന്നതിന് പകരം നയപരമായ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി ഹർജി തീർപ്പാക്കിയത്. ഹർജിക്കാരൻ നൽകുന്ന നിവേദനത്തിൽ കേന്ദ്ര സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാകും.
National
ന്യൂഡൽഹി: ലഖിംപുർ ഖേരി കേസിന്റെ വിചാരണ ഇഴഞ്ഞുനീങ്ങുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി.
2021ൽ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ എട്ടുപേരുടെ കൊലപാതകവും അതിനുപിന്നാലെയുണ്ടായ അക്രമങ്ങളും സംബന്ധിച്ച കേസിൽ കഴിഞ്ഞ രണ്ടു മാസമായിട്ടും സാക്ഷികളെ ഹാജരാക്കാത്തതിന് സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ചു.
മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ കേസിൽ സാക്ഷികളെ ഹാജരാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാൻ സംസ്ഥാനസർക്കാർ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച നിയമം പാസാക്കാൻ മുൻ പാർലമെന്റുകൾ പരാജയപ്പെട്ടത് "തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്വേച്ഛാധിപത്യ’മായിരുന്നുവെന്ന് വിശേഷിപ്പിച്ചു സുപ്രീംകോടതി.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെയും തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച നിയമം 2023ലെ സുപ്രീംകോടതി ഉത്തരവിനുശേഷം മാത്രമാണുണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ പരാമർശം. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും മറ്റുള്ള തെരഞ്ഞെടുപ്പു കമ്മീഷണർമാരെയും നിയമിക്കുന്ന സമിതിയിൽനിന്ന് ചീഫ് ജസ്റ്റീസിനെ നീക്കിയതു ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരാമർശം.
2023ലെ സുപ്രീംകോടതി വിധി തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച നിയമം ഏതെങ്കിലും ഒരു പ്രത്യേക രീതിയിൽ നിർമിക്കണമെന്നു പ്രസ്താവിച്ചിരുന്നില്ലെന്നും പാർലമെന്റ് ഇതുസംബന്ധിച്ച ഒരു നിയമം നിർമിക്കുന്നതുവരെ ആ ഒഴിവ് നികത്താൻ മാത്രമായിരുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷനേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുടെ സമിതിയിൽനിന്നുള്ള നിർദേശത്തിൽനിന്നായിരിക്കണമെന്നായിരുന്നു 2023ലെ സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാൽ ചീഫ് ജസ്റ്റീസിനെ മാറ്റി ആഭ്യന്തരമന്ത്രിയെ നിയമിച്ചത് 2023ലെ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ തീരുമാനത്തെ ലംഘിക്കുന്നതല്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച് പാർലമെന്റ് ഒരു നിയമനിർമാണം നടത്താൻവേണ്ടി മാത്രമായിരുന്നു 2023ലെ വിധി ഉദ്ദേശിച്ചിരുന്നതെന്നാണ് സുപ്രീംകോടതി ഇന്നലെ വാക്കാൽ പരാമർശിച്ചത്. വിഷയം അടുത്തയാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മമത സുപ്രീംകോടതിയെ സമീപിക്കുക.
ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഹർജി നൽകാനാണ് മമത ബാനർജിയുടെ നീക്കം. കാളിഘട്ടിലെ സ്വവസതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം.
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് മമത അറിയിച്ചിരുന്നു. മമത ബാനര്‍ജിക്ക് പുറമേ ആരോഗ്യ കുടുംബക്ഷേമകാര്യ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യയും നിലവിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ബിജെപി ഗുരുതര ക്രമക്കേടുകൾ നടത്തിയെന്നായിരുന്നു മമതയുടെ ആരോപണം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും മമത ബാനർജി ആരോപണം ഉന്നയിച്ചിരുന്നു.
National
ന്യൂഡൽഹി: 28 ആഴ്ചയിലേറെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അടുത്തിടെ സുപ്രീംകോടതി അനുമതി നൽകിയ 15 വയസുള്ള ബലാത്സംഗ അതിജീവിതയായ പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നൽകിയെന്നു റിപ്പോർട്ട്.
പെണ്‍കുട്ടി ന്യൂഡൽഹിയിലെ എയിംസിൽ ശനിയാഴ്ച പ്രസവിച്ചതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. കുഞ്ഞ് എയിംസിൽ നിരീക്ഷണത്തിലാണെന്നും മാതാപിതാക്കളുടെ ആവശ്യപ്രകാരം പെണ്‍കുട്ടിയെ ഡിസ്ചാർജ് ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കുഞ്ഞിനുമേലുള്ള അവകാശം ഉപേക്ഷിക്കാൻ പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിച്ചുവെന്നും കേന്ദ്ര ദത്തെടുക്കൽ ഏജൻസിയിലൂടെ കുഞ്ഞിനെ ഔദ്യോഗികമായി ദത്തുനൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അവളുടെ ഇഷ്ടത്തിനു വിരുദ്ധമായി ഗർഭം തുടരാൻ നിർബന്ധിക്കുന്നത് മാനസികവും ശാരീരികവും വൈകാരികവുമായ ആഘാതങ്ങൾക്ക് കാരണമാകുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഏഴുമാസം ഗർഭിണിയായ പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതയ്ക്കു ഗർഭഛിദ്രം നടത്താൻ പരമോന്നത കോടതി ഏപ്രിൽ 24നാണ് അനുവാദം നൽകിയത്.
വിധി ചോദ്യം ചെയ്ത് എയിംസ് ഹർജി നൽകിയിരുന്നെങ്കിലും ഗർഭഛിദ്രം നടത്തണോ വേണ്ടയോ എന്നു തെരഞ്ഞെടുക്കാനുള്ള അവകാശം എപ്പോഴും അതിജീവിതർക്കായിരിക്കണമെന്നു ചൂണ്ടിക്കാട്ടി കോടതി അനുമതി ശരിവയ്ക്കുകയായിരുന്നു.
National
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ഭരണഘടന ബഞ്ച് ആണ് കേസിൽ വാദം കേൾക്കുക. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് നടക്കുന്നത്.
ശബരിമല യുവതീപ്രവേശന വിധിയെ തുടർന്ന് ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവും സുപ്രീംകോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നതിനിടെ ആരാഞ്ഞിരുന്നു.
യുവതീപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിംഗ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചിരുന്നു.
National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിച്ചതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി തള്ളി സുപ്രീംകോടതി. കേന്ദ്ര സർക്കാർ ജീവനക്കാരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ സർക്കുലറിൽ ചട്ടവിരുദ്ധമായി ഒന്നുമില്ല. വോട്ടെണ്ണുമ്പോൾ ടിഎംസി പ്രതിനിധികളും അവിടെയുണ്ടാകില്ലേയെന്നും കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാർ തങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ അനുമാനം തെറ്റാണ്. സർക്കാർ ജീവനക്കാർക്ക് കുറച്ച് വിശ്വാസ്യത നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് തൃണമൂൽ കോൺഗ്രസിനായി വാദിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ നിയോഗിക്കാത്തത് അനുപാതത്തിന് വിരുദ്ധമെന്ന് തൃണമൂൽ വാദിച്ചെങ്കിലും തെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ഇടപെടാൻ കോടതി തയാറായില്ല.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരെ പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ സൂപ്പർ വൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ. മേയ് നാലിന് നടക്കുന്ന വോട്ടെണ്ണലിലേക്കാണ് കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർ വൈസർമാരായി നിയമിച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി, ഹർജി ശനിയാഴ്ച പരിഗണിക്കും. ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്ര ഉദ്യോഗസ്ഥരെയോ സംസ്ഥാന ഉദ്യോഗസ്ഥരെയോ നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷാധികാരമാണെന്നായിരുന്നു നേരത്തെ ഹൈക്കോടതിയെടുത്ത നിലപാട്.
കേന്ദ്ര ഉദ്യോഗസ്ഥർ വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചെന്നോ ബിജെപിയെ സഹായിച്ചെന്നോ കണ്ടെത്തിയാൽ പാർട്ടിക്കിന് തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ശനിയാഴ്ച വിഷയം അടിയന്തരമായി പരിഗണിക്കുക.
National
ന്യൂഡൽഹി : കണ്ണൂർ കോർപറേഷൻ ഓഫീസിലെ സൈറണ്‍ മുഴക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതി നോട്ടീസയച്ചു.
വർഷങ്ങളായി തുടരുന്ന ഈ ആചാരം നിലനിർത്തണമെന്നാവശ്യപ്പെട്ടു കോർപറേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
കോർപറേഷന്റെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി കേസിൽ എതിർകക്ഷികൾക്കു നിലപാട് വ്യക്തമാക്കാൻ നിർദേശവും നൽകി.കണ്ണൂർ മുനിസിപ്പൽ കോർപറേഷനുവേണ്ടി മുസ്ലിം ലീഗ് രാജ്യസഭാംഗംകൂടിയായ അഡ്വ. ഹാരിസ് ബീരാനാണു സുപ്രീംകോടതിയിൽ ഹാജരായത്.
ജനവാസമേഖലയിൽ ഇത്രയും ഉയർന്ന ശബ്ദത്തിൽ സൈറണ്‍ മുഴക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കോടതി ചില സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചു. ആശുപത്രികളും സ്കൂളുകളും നഴ്സിംഗ് സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന നഗരഹൃദയത്തിൽ 94.9 ഡെസിബെൽ എന്ന കഠിനമായ ശബ്ദത്തിൽ എന്തിനാണ് സൈറണ്‍ മുഴക്കുന്നതെന്ന് കോടതി ആരാഞ്ഞു.
കണ്ണൂരിലെ ജനങ്ങളുടെ പാരന്പര്യവുമായും വികാരവുമായും ഈ സൈറണ്‍ അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോർപറേഷനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു.
ദേശീയദിനങ്ങളിലും രക്തസാക്ഷി ദിനത്തിനും പുറമെ തളാപ്പിലെ ശ്രീസുന്ദരേശ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിനും ഈ സൈറണ്‍ മുഴക്കുന്നത് പതിവാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം നിലവിൽ ശബ്ദപരിധി 66.2 ഡെസിബെലായി കുറച്ചിട്ടുണ്ടെന്നും എന്നാൽ വെറും രണ്ടു വരി ഉത്തരവിലൂടെ ഹൈക്കോടതി ഈ പാരന്പര്യം തടഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈറണിന്റെ അമിതശബ്ദം ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യഹർജിയിലായിരുന്നു നേരത്തേ ഹൈക്കോടതി ഇടപെടൽ നടത്തിയത്. സമയം അറിയാൻ ആധുനികസംവിധാനങ്ങളുള്ള ഇന്നത്തെ കാലത്ത് ഇത്തരം സൈറണുകൾ അനാവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി അതു നിരോധിച്ചത്.
National
ന്യൂഡൽഹി: ബലാത്സംഗത്തിൽനിന്നുണ്ടായ ഗർഭങ്ങൾ അലസിപ്പിക്കാൻ അതിജീവിതർക്ക് 20 ആഴ്ചകൾക്കുശേഷവും സമയം അനുവദിക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി.
നിലവിൽ ഇത്തരം ഗർഭഛിദ്രങ്ങൾക്കുള്ള സമയപരിധി എടുത്തുകളയുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം.
പെണ്‍കുട്ടിയുടെ ഗർഭഛിദ്രം നടത്താൻ സുപ്രീംകോടതി നേരത്തേ അനുമതി നൽകിയിരുന്നെങ്കിലും കോടതി ഉത്തരവ് ചോദ്യം ചെയ്ത് എയിംസ് നൽകിയ ഹർജിയിലായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിർദേശം നൽകിയത്.
കേസിനെതിരേ കടുത്ത വിമർശനമുന്നയിച്ച കോടതി, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് അവൾക്ക് ആവശ്യമില്ലാത്ത ഗർഭം തുടരാൻ അനുവദിക്കുന്നത് അവളുടെ അന്തസിനെയും ഇനിയുള്ള ക്ഷേമത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി.
ഇതൊരു കുട്ടിയെ ബലാത്സംഗം ചെയ്ത കേസാണ്. 15 വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് ആവശ്യമില്ലാത്ത ഗർഭമാണിത്. അവളിപ്പോൾ പഠിക്കേണ്ടവളാണ്, പക്ഷേ നാം അവളെ അമ്മയാക്കാൻ നിർബന്ധിക്കുന്നു. അവൾ അനുഭവിച്ചിട്ടുള്ള വേദനയും അപമാനവും ചിന്തിച്ചുനോക്കുക''-കോടതി നിരീക്ഷിച്ചു.
കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളിൽ ഗർഭഛിദ്രം നടത്തണമോ വേണ്ടയോ എന്നുള്ള തെരഞ്ഞെടുപ്പിനുള്ള അവകാശം എപ്പോഴും അതിജീവിതർക്കായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേര സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും പവൻ ഖേര ഒരു "ക്രൂരനായ കുറ്റവാളി"അല്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ വാദിച്ചു.
കേസ് അസാധാരണമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും സിംഗ്വി ആരോപിച്ചു. അസം മുഖ്യമന്ത്രിയെ "പ്രോസിക്യൂട്ടറുടെ ബോസിന്റെ ബോസിന്റെ ബോസ്" എന്ന് അദ്ദേഹം പരിഹസിച്ചു. ഖേരയ്ക്കെതിരെയുള്ള ആരോപണങ്ങൾ മാനനഷ്ടവുമായി ബന്ധപ്പെട്ടവയാണ്. ഇതിന് അറസ്റ്റിന്റെയോ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെയോ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു.
ഖേര ഉന്നയിച്ച ആരോപണങ്ങൾക്ക് ആധാരമായ രേഖകളുടെയും ഫോട്ടോകളുടെയും ഉറവിടം കണ്ടെത്താൻ അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അസം സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. വിദേശ ശക്തികൾ നമ്മുടെ തെരഞ്ഞെടുപ്പിൽ ഇടപെടുന്നുണ്ടെന്നും ഖേര ഒളിവിൽ പോയ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഏപ്രിൽ നാലിന് നടത്തിയ പത്രസമ്മേളനത്തിൽ അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് രാജ്യങ്ങളിലെ പാസ്പോർട്ടുകൾ ഉണ്ടെന്നും ദുബായിൽ അനധികൃത സ്വത്തുക്കളുണ്ടെന്നും പവൻ ഖേര ആരോപിച്ചിരുന്നു. എന്നാൽ ഈ രേഖകൾ പാകിസ്ഥാൻ കേന്ദ്രമായുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നിർമ്മിച്ച വ്യാജരേഖകളാണെന്ന് ശർമയുടെ കുടുംബം പ്രതികരിച്ചു.
നേരത്തെ ഗുവാഹത്തി ഹൈക്കോടതി ഖേരയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അദ്ദേഹം രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
തെലങ്കാന ഹൈക്കോടതി അനുവദിച്ച ട്രാൻസിറ്റ് ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തതിനെത്തുടർന്നാണ് അറസ്റ്റ് ഒഴിവാക്കാൻ ഖേര വീണ്ടും പരമോന്നത കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് അതുൽ ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വരും ദിവസങ്ങളിൽ കേസിൽ കോടതി അന്തിമ വിധി പ്രസ്താവിക്കും.